ഗതാഗത സുരക്ഷ; അജ്മാനില്‍ 26 സ്മാർട്ട് ഗേറ്റുകൾ
text_fieldsഅജ്മാന്: ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അജ്മാനില്‍ സ്ഥാപിച്ചത് 26 സ്മാർട്ട് കൺട്രോൾ ഗേറ്റുകൾ. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനും ഇവ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം സ്ഥാപിച്ചത്. അജ്മാന് എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിലെ പ്രധാന പാതകളിലാണ് ഈ ഗേറ്റുകള്‍.
ഒക്ടോബർ ഒന്നിന് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് കൺട്രോൾ സംവിധാനത്തിൽ എമിറേറ്റിലെ വിവിധ തെരുവുകളിൽ ഇലക്ട്രോണിക് ഗേറ്റുകൾക്കായി 26 സ്ഥലങ്ങൾ കണ്ടെത്തിയതായി അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. ഡ്രൈവർമാർക്കും യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറ്റവും ഉയർന്ന ഗതാഗത സുരക്ഷ കൈവരിക്കുന്നതിനാണ് ഈ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
നിയമ ലംഘനം കണ്ടെത്താൻ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാമറകൾ ഘടിപ്പിച്ച സ്മാർട്ട് മോണിറ്ററിങ് സംവിധാനം ഇതിൽ ഉൾപ്പെടും. ട്രാഫിക് അപകടങ്ങൾ കുറക്കുകയും ഡ്രൈവർമാർക്കും റോഡ് ഉപയോക്താക്കൾക്കും ട്രാഫിക് സുരക്ഷ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് സ്മാർട്ട് സംവിധാനത്തിന്റെ ലക്ഷ്യം. ഫോഗ് സെൻസിങ് സംവിധാനത്തിന് പുറമെ, രാജ്യത്ത് നടക്കുന്ന യൂനിയൻ ദിനം പോലുള്ള ആഘോഷങ്ങൾ പ്രഖ്യാപിക്കാനും ഇത് ഉപയോഗിക്കും. കൂടാതെ, ഡ്രൈവർമാർക്ക് അവരുടെ വേഗം കുറക്കാനും വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ വർധിപ്പിക്കാനും ഇതിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.