യാത്രവിലക്കിൽ കിതച്ച് ട്രാവൽ ഏജൻസികൾ
text_fieldsസൊഹാർ: കോവിഡ് വ്യാപനത്തിെൻറ കെടുതിയിൽ ബിസിനസ് കുറഞ്ഞ ട്രാവൽ ഏജൻസികൾ ശമ്പളം നൽകാൻപോലും വരുമാനമില്ലാതെ കിതക്കുന്നു.കോവിഡ് വ്യാപിച്ച 2020 ആദ്യം മുതൽ മേഖലയിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും ട്രാവൽ മേഖല പിടിച്ചുനിന്നിരുന്നു. കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ അവസാനം വരെ ഒമാൻ എല്ലാ വിമാന സർവിസുകളും റദ്ദു ചെയ്തിരുന്നു. ജൂൺ അവസാനത്തോടെ യു.കെ, യു.എസ്, മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിദ്യാർഥികളെയും മറ്റും കൊണ്ടുപോകാൻ വൺവേ സർവിസ് തുടങ്ങി. പിന്നീട് സർവിസ് നിർത്തിവെച്ചും വീണ്ടും തുടങ്ങിയും കോവിഡിെൻറ വ്യാപന തോതനുസരിച്ച് ആകാശയാത്ര നിയന്ത്രിച്ചുകൊണ്ടിരുന്നു. ട്രാവൽസ് സർവിസിന് പിന്നീട് ഉണർവ് വന്നത് ചാർട്ടേഡ് വിമാനങ്ങൾ വർധിച്ചതോടെയാണ്.
നിരവധി സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഇന്ത്യയിലേക്ക് യാത്രക്ക് ഒരുക്കിയിരുന്നെന്ന് സഹമിലെ ക്യാപ്റ്റൻ ട്രാവൽസ് ജീവനക്കാരൻ കാസർകോട് സ്വദേശി അഷ്‌റഫ് പറയുന്നു. ട്രാവൽ-ടൂറിസം കമ്പനികൾ ഏറ്റവും കൂടുതൽ വ്യാപാരം നടത്തിയിരുന്ന സെക്ടറുകളായിരുന്നു ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ. ഇവയടക്കം 18 രാജ്യങ്ങളിലേക്കുള്ള സർവിസ് ഒമാൻ നിർത്തിവെച്ചതോടെ ബിസിനസ് തീരെ ഇല്ലാതായിരിക്കയാണ്. ഇന്ത്യയിൽനിന്ന് രാജ്യന്തര സർവിസ് പുനരാരംഭിക്കുന്നത് ഒരു മാസംകൂടി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വന്നത്. കോവിഡ് വ്യാപനം വർധിച്ചതോടെ യാത്രവിലക്ക് നീണ്ടുപോകാനാണ് സാധ്യതയെന്ന് അഷ്‌റഫ് പറയുന്നു.
കോർപറേറ്റ് ട്രാവൽ കമ്പനികൾ സ്റ്റാഫിനെ കുറച്ചും ശമ്പളത്തിൽ നീക്കുപോക്ക് നടത്തിയും ജീവനക്കാർക്ക് ലീവ് അനുവദിച്ചും പിടിച്ചുനിൽക്കുമെങ്കിലും ചെറിയ സ്ഥാപനങ്ങൾ നടത്തുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്ന് സൊഹാറിലെ ടൂർ ആൻഡ് ട്രാവൽസ് ഉടമ റിയാസ് പറയുന്നു. ക്വാറൻറീൻ ഹോട്ടൽ ബുക്കിങ്, സന്ദർശക വിസ, ടൂർ പാക്കേജുകൾ എന്നിവയിൽ പിടിച്ചുനിന്നിരുന്നവർക്ക് വരുമാനം ഇല്ലാതായെന്ന് റിയാസ് സാക്ഷ്യപ്പെടുത്തുന്നു.
ഒമാനിൽ ചൂട് വർധിക്കുന്നതോടെ മറ്റു രാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കുടുംബവുമായി സന്ദർശിക്കുന്നവർ ഏറെയുണ്ട്. മുൻകാലങ്ങളിൽ നൂറുകണക്കിന് സ്വദേശികൾ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു.
ഇപ്പോഴും യാത്ര അനുമതിയുള്ള കേന്ദ്രങ്ങൾ ഉണ്ടായിട്ടും യാത്രക്ക് ആരും തയാറാവുന്നില്ലെന്ന് റൂവിയിലെ നിസ്വ ട്രാവൽസ് പ്രതിനിധി ആഷിക് അലി പറയുന്നു. തുടർച്ചയായ കോവിഡ് ടെസ്റ്റും ക്വാറൻറീനും വരുന്നതിനാലാണ് സ്വദേശികൾ യാത്രക്ക് തയാറാവാത്തതെന്നും ആഷിക് പറയുന്നു. നിരവധി വീട്ടുജോലിക്കാർ നാട്ടിലേക്കും തിരിച്ചും വരേണ്ട സമയമായിട്ടും യാത്രവിലക്കിൽ അകപ്പെട്ട് മിക്കവരും കുടുങ്ങിയിരിക്കയാണ്.
ഒറ്റക്ക് ട്രാവൽസ് നടത്തുന്ന മലയാളികളുടെ ഓഫിസുകൾ അടച്ചിടാനോ മറ്റു തൊഴിൽ തേടാനോ ഒരുങ്ങുകയാണ്. എല്ലാ മേഖലകളിലും പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടെങ്കിലും യാത്രനിരോധനം ഏറെ ഉലച്ച മേഖലകളിലൊന്ന് ട്രാവൽസ് രംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.