യാത്രവിലക്ക്: നിലവിലെ അവസ്ഥ തുടരുമെന്ന് സിവിൽ ഏവിയേഷൻ
text_fieldsദുബൈ: ഇന്ത്യ അടക്കം 16 രാജ്യങ്ങളിലെ യാത്രവിലക്ക് തുടരുമെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു.
അറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് അറിയിപ്പ്. ജൂലൈ 25വരെ സർവിസില്ലെന്ന് എമിറേറ്റ്സും 31വരെ സർവിസില്ലെന്ന് ഇത്തിഹാദും അറിയിച്ചതിന് പിന്നാലെയാണ് സിവിൽ ഏവിയേഷെൻറ സ്ഥിരീകരണം. ഇതോടെ, പെരുന്നാൾ കഴിഞ്ഞ് മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, കോംഗോ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാകിസ്താൻ, യുഗാണ്ട, സിയറാ ലിയോൺ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക് അനിശ്ചിതകാലത്തേക്കാണെന്ന് ജി.സി.എ.എ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉറപ്പിച്ചാണ് പുതിയ സർക്കുലർ ഇറക്കിയത്.
ഈ രാജ്യങ്ങളിലെ കോവിഡിെൻറ അവസ്ഥ യു.എ.ഇ സർക്കാർ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടർതീരുമാനമെന്നും സർക്കുലറിൽ പറയുന്നു. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവെസ്റ്റർ വിസ എന്നിവയുള്ളവർക്ക് വരാൻ തടസ്സമില്ല. പെരുന്നാൾ കഴിയുന്നതോടെ യു.എ.ഇയിലേക്കുള്ള യാത്രവിലക്ക് മാറുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ അടക്കമുള്ള പ്രവാസികൾ. ഖത്തർ ഓൺ അറൈവൽ വിസ അനുവദിച്ചതോടെ ആ വഴിയും തെളിയുമോ എന്ന് നോക്കുന്നുണ്ട്.
നിലവിൽ ഉസ്ബകിസ്താൻ, അർമേനിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് യു.എ.ഇയിലേക്ക് ഇന്ത്യക്കാർ എത്തുന്നത്.ചെലവ് കൂടുതലായതും അനിശ്ചിതാവസ്ഥയുംമൂലം ഈ വഴി തിരഞ്ഞെടുക്കാൻ പലരും മടിക്കുന്നു. ഈ മാസം അവസാനത്തോടെ വിലക്ക് നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ അമൻപുരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.