യാത്ര വിലക്ക് നീക്കൽ പൂർണം; നാളെ മുതൽ കൂടുതൽ സർവിസ്
text_fieldsദുബൈ: രണ്ട് വർഷമായി പ്രവാസികൾ അകപ്പെട്ടിരുന്ന എയർ ബബ്ൾ 'കുരുക്ക്' ഞായറാഴ്ച മുതൽ അവസാനിക്കുന്നു. ഇതോടെ നാളെ മുതൽ വിമാന സർവിസ് പഴയപടിയാകും. ഇതിന് മുന്നോടിയായി യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവിസുണ്ടാകും. കോവിഡിനെ തുടർന്നാണ് ഇന്ത്യ അന്താരാഷ്ട്ര യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാർ ഉണ്ടാക്കി ഇക്കാലയളവിൽ വിമാന സർവിസ് നടത്തിയിരുന്നു. ഇതു മൂലം നിശ്ചിത എണ്ണം വിമാനങ്ങൾ മാത്രമായിരുന്നു സർവിസ് നടത്തിയിരുന്നത്. 27 മുതൽ യാത്രവിലക്ക് പൂർണമായും നീക്കുന്നതോടെയാണ് കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നത്. ഇതോടെ വിമാന നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.യാത്രവിലക്ക് പിൻവലിക്കുന്നതോടെ കൂടുതൽ വിമാനസർവിസുകൾ കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിലേക്ക് കൂടുതൽ സർവിസ് നടത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കായി ആഴ്ചയിൽ 170 സർവിസുകളാണ് ആകെ നടത്തുക. കൊച്ചിയിലേക്ക് ആഴ്ചയിൽ 14ഉം തിരുവനന്തപുരത്തേക്ക് ഏഴ് സർവിസുകളും ഇതിൽ ഉൾപ്പെടും. മുംബൈ-35, ന്യൂഡൽഹി-28, ബംഗളൂരു-24, ചെന്നൈ-21, ഹൈദരാബാദ്-21, കൊൽക്കത്ത-11, അഹ്മദാബാദ്-9 എന്നിങ്ങനെയാണ് മറ്റിടങ്ങളിലേക്കുള്ള സർവിസുകൾ. കോവിഡ് എത്തിയ ശേഷം നിർത്തിവെച്ച ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവിസും വീണ്ടും തുടങ്ങുന്നുണ്ട്.
മാർച്ച് 28നാണ് പുനരാരംഭിക്കുന്നത്. ഷാർജയിൽനിന്ന് പുറപ്പെടുന്ന വിമാനത്തിന്റെ സമയവും തിരക്ക് കുറഞ്ഞ സമയങ്ങളിലുള്ള അധിക ലഗേജുമാണ് യാത്രക്കാരെ ആകർഷിച്ചിരുന്നത്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സർവിസുകളുടെ സമയം രാത്രിയാണ് എന്നതായിരുന്നു പ്രത്യേകത. അതത് ദിവസങ്ങളിൽ ജോലി കഴിഞ്ഞ് അന്ന് രാത്രി തന്നെ നാട്ടിലേക്ക് യാത്ര പുറപ്പെടാം എന്നതായിരുന്നു ഇതിന്റെ ഗുണം.തിരികെ രാത്രി നാട്ടിൽ നിന്നും പുറപ്പെട്ട് അർധരാത്രി ഷാർജയിൽ തിരിച്ചെത്തുകയും പിറ്റേദിവസം തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയുകയും ചെയ്യും.
എല്ലാദിവസവും രാത്രി ഒന്നിന് ഷാർജയിൽ നിന്നും പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 6.35നാണ് ഈ വിമാനം കോഴിക്കോട് എത്തുക. കോഴിക്കോട്ടുനിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12.05ന് ഷാർജയിൽ എത്തും. തുടക്കത്തിൽ ഷാർജയിൽനിന്നും കോഴിക്കോട്ടേക്ക് 430 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇക്കണോമി ക്ലാസിൽ 40കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 45 കിലോ ബാഗേജും കൊണ്ടുപോകാമെന്ന് പ്രത്യേകതയുമുണ്ട്.
ദുബൈയിൽനിന്ന് എല്ലാ ദിവസവുമുള്ള എയർ ഇന്ത്യയുടെ കോഴിക്കോട്, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി വിമാന സർവിസുകളുടെ വേനൽക്കാല ഷെഡ്യൂളും ശനിയാഴ്ചകളിലെ ദുബൈ - ഇൻഡോർ, ആഴ്ചയിൽ നാലു ദിവസങ്ങളിൽ സർവിസുള്ള ദുബൈ - ഗോവ-ബംഗളൂരു, എല്ലാ ദിവസവുമുള്ള അബൂദബി - മുംബൈ സർവിസുകളുടെയും വേനൽക്കാല ഷെഡ്യൂളും എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.യാത്രവിലക്ക് മാറുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ തിരക്ക് വർധിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്. ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ വൺ, ടെർമിനൽ ത്രീ എന്നിവ വഴി യാത്രചെയ്യുന്നവർ വിമാനത്താവളത്തിലെത്താൻ പരമാവധി ദുബൈ മെട്രോ ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. ഇല്ലെങ്കിൽ ഗതാഗതക്കുരുക്കിൽപ്പെടാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ നിന്നുള്ള വേനൽകാല സർവിസ് ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 27 മുതൽ ഒക്ടോബർ 29 വരെ ദുബൈയിലേക്ക് 44 സർവിസും അബൂദബിയിലേക്ക് 42 സർവിസുകളുമാണ് കൊച്ചിയിൽ നിന്നുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.