പ്രകൃതി സംരക്ഷണ സന്ദേശവുമായി പ്രവാസികളുടെ ഹിമാലയൻ യാത്ര
text_fieldsഷാർജ: പ്രകൃതി നമ്മോട് കൂടി നശിച്ച് പോകാനുള്ളതല്ലയെന്നും വരാൻ പോകുന്ന തലമുറക്കായ് കാത്ത് വെക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശവുമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഒൻപത് മലയാളികൾ ഹിമാലയത്തിലേക്ക് സാഹസിക യാത്ര തിരിച്ചു. ചണ്ഡീഗഡിൽ നിന്ന് റോയല്‍ എന്‍ഫീല്‍ഡ് കുടുംബത്തില്‍പ്പെട്ട ഹിമാലയൻ ബൈക്കിലാണ് ഇത്തവണത്തെ യാത്ര. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി കൂട്ടായ്മയായ ഡെസർട്ട് ഹോക്സിെൻറ പ്രവർത്തകരായ രാജേഷ് പോൾ, അനുബ് ശൈലജ രാമകൃഷ്ണ പിള്ള, ഷാജി ബാലയാമ്പത്ത്, ഋഷികേഷ് ബാബു ജയതിലകൻ, ബഹാസ് താഴേവരിപ്പാറ, ശ്രീജിത്ത് ശ്രീധരൻ, അജിത് കുമാർ, നിൽസ് സെബാസ്റ്റ്യൻ, ബാലസുന്ദരം ഷൺമുഖൻ എന്നിവരാണ് യാത്ര സംഘത്തിലുള്ളത്. മനുഷ്യരുടെ ആർത്തി മൂലം പ്രകൃതിക്ക് ഏൽക്കുന്ന ഓരോ മുറിവും നാളെകളെ ഏതൊക്കെ വിധത്തിൽ വേദനിപ്പിക്കുമെന്ന സന്ദേശം വിവരിച്ച് നടത്തുന്ന യാത്രക്കിടയിൽ നിരവധി സ്കൂളുകളും സംഘം സന്ദർശനം നടത്തും. പ്രകൃതി സംരക്ഷണത്തിെൻറ അതിരുകളില്ലാത്ത പാഠങ്ങൾ കുട്ടികൾക്ക് പകർന്നുകൊടുക്കുകയും ചെയ്യും.
ചണ്ഡീഗഡിൽ നിന്ന് തുടങ്ങുന്ന യാത്ര, ഹിമായലത്തിെൻറ ശിവാലിക് നിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന നാർക്കണ്ട, കൽപ, കസ, ചന്ദ്രെൻറ തടാകം എന്നർത്ഥമുള്ള ചന്ദ്ര താൾ, കിലാങ്, പഴയ ലഡാക് രാജവംശത്തിെൻറ ലേ കൊട്ടാരം സ്ഥിതി ചെയ്യുന്ന, ജമ്മു-കാശ്മീരിലെ ലഡാക് പ്രദേശത്തെ ജില്ലയായ ലേ, ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമായി കിടക്കുന്നതും ലഡാക്കിൽനിന്നു ചൈന വരെ എത്തുന്നതുമായ 134 കിലോമീറ്റർ നീളമുള്ള പാൻഗോങ് തടാകം എന്നിവയാണ് സംഘം സന്ദർശിക്കുക. സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ ഡെസർട്ട് ഹോക്സിൽ 500ൽ അധികം അംഗങ്ങളുണ്ട്.
ഒഴിവുവേളകളിൽ യു.എ.ഇയിലെ വിവിധ മരുഭൂമികളിലൂടെ സഞ്ചരിക്കുന്ന സംഘം മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇവരുടെ വെള്ളിയാഴ്ചകളിലെ ഓഫ് റോഡ് റെയ്ഡുകളും പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്. അതോടൊപ്പം മരുഭൂമിയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തുവാനും സംഘത്തിനായിട്ടുണ്ട്. ജർമൻ സഞ്ചാരികളുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ട് മരുഭൂമിയിൽ ദുരിതം ജീവിതം നയിച്ച പോമേറിയൻ നായയെ ജീവിതത്തിലേക്കും ഉടമകളിലേക്കും എത്തിച്ച അനുഭവവും ഇവർക്കുണ്ട്. പ്രകൃതി സംരക്ഷണ സന്ദേശവുമായി ഓൾ കേരള പര്യടനവും സംഘം നടത്തിയിട്ടുണ്ട്. ഹിമാലയത്തിലേക്കുള്ള യാത്ര ഇത് രണ്ടാം തവണയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.