അകലം പാലിക്കാതെ സഞ്ചാരം: അബൂദബിയിൽ ഈ വർഷം ആദ്യ പകുതിയിൽ 19,327 ട്രാഫിക് നിയമ ലംഘനങ്ങൾ
text_fieldsഅബൂദബി: ഈ വർഷം ആദ്യ പകുതിയിൽ അബൂദബി റോഡുകളിൽ മുൻപിലെ വാഹനവുമായി വേണ്ടത്ര സുരക്ഷാ അകലം പാലിക്കാതെ തൊട്ടുരുമ്മി സഞ്ചരിച്ച 19,327 ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. ഏതു സാഹചര്യത്തിലും മുൻപിൽ സഞ്ചരിക്കുന്ന വാഹനവുമായി മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
മതിയായ സുരക്ഷാ ദൂരം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുന്നു. മനുഷ്യ ജീവനും മറ്റു ഭൗതിക നഷ്ടങ്ങൾക്കും ഇതു കാരണമാകുകയും ചെയ്യുന്നു. സ്വയ സുരക്ഷക്കൊപ്പം മറ്റു റോഡ് ഉപയോക്താക്കളെയും ഗുരുതരമായ ട്രാഫിക് അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാതിരിക്കുന്ന നിയമ ലംഘനമാണ് റോഡുകളിലെ ട്രാഫിക് അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.
മതിയായ സുരക്ഷാ അകലം പാലിക്കാതെ റോഡപകടത്തിന് ഇടയാക്കുന്ന വാഹനങ്ങൾ അബൂദബിയിൽ പൊലീസ് കണ്ടുകെട്ടും. 2020ലെ ട്രാഫിക് നിയമം പ്രകാരം പൊലീസ് പിടിച്ചെടുക്കുന്ന വാഹനം മോചിപ്പിക്കുന്നതിന് 5,000 ദിർഹം സാമ്പത്തിക മൂല്യം അടക്കുന്നതുവരെ പരമാവധി മൂന്ന് മാസത്തേക്ക് വാഹനം തടവിലാക്കും. വാഹന ഉടമ വാഹനം മോചിപ്പിക്കുന്നതിനുള്ള പണമടക്കാത്ത സാഹചര്യത്തിൽ വാഹനം പൊതു ലേലത്തിൽ വിൽപന നടത്തും. മുൻപിൽ സഞ്ചരിക്കുന്ന വാഹനവുമായി മതിയായ സുരക്ഷാ അകലം പാലിക്കാതെ റോഡിലൂടെ സഞ്ചരിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹമും നാല് ബ്ലാക്ക് പോയിൻറുമാണ് പിഴ ചുമത്തുക.
റോഡിലെ നിയന്ത്രിത വേഗത്തിൽ മുമ്പിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ ചില ഡ്രൈവർമാർ ഉപദ്രവിക്കുന്നു. മുമ്പിലെ വാഹനത്തിനു സമീപത്തേക്ക് തങ്ങളുടെ വാഹനം കൂടുതൽ അടുപ്പിക്കുകയും നിരന്തരം ഹെഡ് ലൈറ്റുകളും ഹോണുകളും ഉപയോഗിച്ചു സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത്തരം പ്രവണതയും സമ്മർദ്ദവും മുൻപിൽ സഞ്ചരിക്കുന്ന വാഹന ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനിടയാക്കുകയും ഗുരുതരമായ ട്രാഫിക് അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായും അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളിൽ റോഡിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊലീസ് ഡ്രൈവർമാരെ ഓർമിപ്പിച്ചു. മൂടൽമഞ്ഞിലും പൊടിക്കാറ്റു വീശുമ്പോഴും ദൂരക്കാഴ്ച തടസപ്പെടുന്ന സമയത്ത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത പാലിക്കണം. റോഡുകളിൽ മഴയും വെള്ളവും കെട്ടുന്ന കാലാവസ്ഥയിലും ഉചിതമായ അകലം പാലിച്ച് സുരക്ഷ മുൻകരുതലുകളോടെ ഡ്രൈവ് ചെയ്യണം.
ട്രാഫിക് സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലൂടെയും ട്രാഫിക് സംസ്‌കാരം വർധിപ്പിക്കുന്നതിലൂടെയും മരണം, ഗുരുതരമായ പരിക്കുകൾ എന്നിവയിലേക്ക് നയിക്കുന്ന അപകടങ്ങളുടെ എണ്ണം കുറക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുകയാണ് അബൂദബി പൊലീസിന്റെ തന്ത്രപരമായ മുൻഗണനയെന്നും അധികൃതർ വിശദീകരിച്ചു.
അബൂദബി പൊലീസ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലെ അക്കൗണ്ടുകൾ വഴി എമിറേറ്റിലെ റോഡുകളിൽ സംഭവിച്ച യഥാർത്ഥ ട്രാഫിക് നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും വീഡിയോകൾ പ്രദർശിപ്പിക്കുന്നതു വഴി റോഡുകളിൽ വാഹനങ്ങൾക്കിടയിൽ വേണ്ടത്ര ദൂരം പാലിക്കാത്തതുമൂലമുള്ള അപകടത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനും അബൂദബി പൊലീസ് 24 മണിക്കൂറും റോഡുകളിൽ നിരീക്ഷണവും പട്രോളിങും നടത്തുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.