പ്രിയ കവയിത്രിയുടെ വേര്‍പാടില്‍ സ്നേഹാഞ്ജലികളുമായി പ്രവാസലോകം
text_fieldsദുബൈ: മലയാളത്തിെൻറ പ്രിയ കവയിത്രിയും പരിസ്ഥിതി, സാമൂഹികപ്രവർത്തകയും മുന്‍ വനിത കമീഷന് അധ്യക്ഷയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തില്‍ 'ഓര്മ യു.എ.ഇ' അനുശോചനം രേഖപ്പെടുത്തി. പാരിസ്ഥിതിക-സാമൂഹിക പ്രവര്ത്തനങ്ങെളയും സാഹിത്യപ്രവർത്തനത്തെയും സമന്വയിപ്പിച്ച് കേരളത്തിൽ സഞ്ചരിച്ച് മണ്ണിനും മനുഷ്യനും മലയാളഭാഷയ്ക്കും പ്രകൃതിക്കുംവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടേയിരുന്ന സുഗതകുമാരി ടീച്ചറുടെ വിയോഗം കേരളത്തിെൻറ സാഹിത്യ സാംസ്കാരിക സാമൂഹികരംഗത്ത് തീരാനഷ്ടമാണെന്ന് ഓര്മ വിലയിരുത്തി.റാസല്‍ഖൈമ: സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ റാസല്‍ഖൈമയിലെ വിവിധ കൂട്ടായ്മകളും വ്യക്തികളും അനുശോചിച്ചു. റാക് ഇന്ത്യന്‍ അസോസിയേഷന്, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കേരള സമാജം, കെ.എം.സി.സി, ചേതന, യുവകല സാഹിതി, നോളജ് തിയറ്റര്‍, സേവനം സെൻറര്‍, ഇന്‍കാസ്, സേവനം എമിറേറ്റ്സ് കമ്മിറ്റി, ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കലാഹൃദയം തുടങ്ങിയ കൂട്ടായ്മകള്‍ അനുശോചിച്ചു. മലയാള മണ്ണിന് തുലാവര്ഷപ്പച്ചയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് ആര്‍ട്സ് ലവേഴ്സ് ചെയര്മാന് അമ്പലപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. പ്രകൃതിക്ക് വരാനിരിക്കുന്ന ദുരന്തങ്ങള്‍ മുമ്പേ വിളിച്ചറിയിക്കുന്ന കാട്ടുവിളിയുടെ പ്രവചന സ്വരമാണ് നിലച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിതനാശം മനുഷ്യനാശത്തിെൻറ മുന്നോടിയാണെന്ന് വിലപിച്ച കവയിത്രി പക്ഷികള്ക്കഭയമായി ആല്‍മരത്തോട് ചേരുന്നൊരു ഓര്മയാകാനല്ലാതെ മറ്റെന്തു കൊതിക്കാനാണ് ? യു.എ.ഇയില്‍ നിന്ന് രഘുനന്ദനന് എന്ന എഴുത്തുകാരൻ പ്രിയ കവിയുടെ വിയോഗത്തിൽ കുറിച്ച വാക്കുകളാണിത്. സമാനമായ വരികളും വരകളും ഹൃദയച്ചെപ്പില്‍ ചേര്‍ത്തുവെച്ചാണ് പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ വേര്‍പാട് വാര്‍ത്ത കേട്ട് പ്രവാസലോകം വേദനയോടെ ഉണര്‍ന്നത്. അബൂദബിയില്‍നിന്ന് ലാലൂര്‍ വിനോദ് രചിച്ച പെയ്തൊഴിഞ്ഞ കവിതയിലെ ആദ്യ വരികളിങ്ങനെ: ഹാ സുഗത കാവ്യപുഷ്പമേ നീയും കൊഴിഞ്ഞുവോ.. നേര്‍ത്തൊരു നൊമ്പരഗീതം ബാക്കിയാക്കി... സ്നേഹമിതളാര്ന്ന നിന് കാവ്യ സുഗന്ധികള് ഇനി സൗരഭം ചൊരിയട്ടെ, നാളെയും കേഴുന്ന രാക്കിളിയായ്... ഒൗദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച വൈകീട്ട് കവയിത്രിയുടെ ഭൗതികശരീരം മണ്ണിലലിയുമ്പോഴും മരുഭൂമിയില്‍ രാത്രിമഴ പെയ്ത് തോരുന്നില്ല.
ഓർമകളിൽ പെയ്യുന്ന രാത്രിമഴ
പ്രകൃതിയുടെയും മനുഷ്യരുടെയും വേദനകൾക്ക് സാന്ത്വനമായിരുന്ന കേരളത്തിെൻറ അഭിമാനമായിരുന്ന, സ്വന്തം നിലപാടുകൾ കൊണ്ട് പെൺകരുത്തിെൻറ പ്രതീകമായിത്തീർന്ന സുഗതകുമാരി ടീച്ചറോടൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് അൽഐൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂളിലെ ഡോ.എ. വിനി.
പട്ടാമ്പി മേഴത്തൂർ വൈദ്യമഠത്തിലെ ചികിത്സക്ക് സുഗതകുമാരി ടീച്ചർ ഓരോ വർഷവും വന്നിരുന്ന കാലത്താണ് ടീച്ചറുമായി അടുത്ത് ഇടപെടാൻ എനിക്ക് സാധിച്ചത്. അതിനു നിമിത്തമായത് എെൻറ ഗവേഷണ മാർഗദർശിയായ ഡോ. സി. അച്യുതനുണ്ണി മാഷാണ്. മാഷിൽനിന്ന് സുഗതകുമാരി ടീച്ചർ മേഴത്തൂരിൽ ചികിത്സക്ക് വന്നിട്ടുണ്ടെന്നും ഇരുന്നെഴുതാൻ ബുദ്ധിമുട്ടള്ളതിനാൽ കവിതകളും ലേഖനങ്ങളും പകർത്തിയെഴുതേണ്ട ദൗത്യം ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുകയുമായിരുന്നു. ദിവസം തോറും വൈകീട്ട് വൈദ്യമഠത്തിലെത്തി പ്രമുഖ പത്രങ്ങളിലേക്കും, ആനുകാലികങ്ങളിലേക്കുമുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും കവിതകളും എഴുതി പോസ്റ്റ് ചെയ്യലായിരുന്നു എെൻറ പ്രവൃത്തി. ടീച്ചർ ചാരുകസേരയിലിരുന്ന് വളരെ സാവധാനം ഓരോ വരികളും പറഞ്ഞുതരും. ഒാരോ ലഘുലേഖനങ്ങളും മുഴുവനായിക്കഴിഞ്ഞാലേ വിശ്രമമുള്ളൂ.
അനുസ്യൂതമായി സ്ഫുടതയോടെ ഒഴുകിവരുന്ന വരികൾ. ഇടവേളകളിൽ ടീച്ചറുടെ കൂടെയുള്ള ലീലച്ചേച്ചി മധുരമില്ലാത്ത വലിയ ബിസ്കറ്റും ചൂടു ചായയും ഞങ്ങൾക്ക് തരും. കുറച്ചുനേരം ടി.വി കാണും . പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോൾ ശബ്ദം കൂട്ടാൻ പറയും. ആയിടെയാണ് 2015ൽ ആറങ്ങോട്ടുകര കുന്നിടിക്കലുമായി ബന്ധപ്പെട്ട് പട്ടാമ്പി പി.സി.വിയിൽ ഒരു വാർത്ത വന്നത്. ഇരുന്നു വാർത്ത കേൾക്കുന്ന ടീച്ചർ അസ്വസ്ഥതയോടെ കിടക്കണമെന്നു പറഞ്ഞു. ഇന്നിനി എഴുത്തുവേണ്ട കുട്ടീ എന്ന് പറഞ്ഞു. കാര്യം മനസ്സിലാകാതെ വിഷമത്തിലായ എന്നോട് ലീലച്ചേച്ചി പറഞ്ഞു: ടി.വിയിലും ന്യൂസ് പേപ്പറിലും പ്രകൃതിനശീകരണവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നാൽ ഈ അസ്വസ്ഥത പതിവാണ്. മിക്കപ്പോഴും ടീച്ചർക്ക് ബി.പി കൂടുന്നത് ഇത്തരം വാർത്തകൾ കേൾക്കുമ്പോഴാണ്. അത്തരത്തിൽ പ്രകൃതിയുടെ താളം ഹൃദയതാളമാക്കി മാറ്റിയ ആ ധന്യജന്മത്തെ അത്ഭുതത്തോടെ നോക്കിനിന്ന നിമിഷമായിരുന്നു അത്.പ്രഭാതങ്ങളിൽ പൂക്കളോടും സ്കൂളിൽ നിന്നു കാണാൻ വരുന്ന കുഞ്ഞുങ്ങളോടും കവിതകൾ പങ്കുെവക്കുന്ന ടീച്ചർ, 'ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ' എന്ന കവിത എെൻറ മകൾ പാടിയപ്പോൾ ആ കണ്ണിൽനിന്നും കണ്ണീർപൊഴിച്ച് മകളെ ചേർത്തുനിർത്തി ഒരു പനിനീർപൂ നൽകി അനുഗ്രഹിച്ചതും ധന്യ നിമിഷങ്ങളിൽ ഒന്ന്!
സംസാരത്തിനിടെ എെൻറ അധ്യാപകരിലൊരാളായ വിജയകുമാർ മേനോനെ കാണണമെന്ന് പറയുകയും പിറ്റേദിവസം ശിഷ്യരായ ഞാനും മണികണ്ഠൻ പുന്നയ്ക്കലും സാറിനെ കൂട്ടി ചെല്ലുകയും ചെയ്തു. പ്രകൃതിയും കലയുമായി ബന്ധപ്പെട്ട മണിക്കൂറുകൾ നീണ്ട സംഭാഷണശേഷം ഞങ്ങൾ മടങ്ങി. പ്രകൃതിയെയും മനുഷ്യനെയും മനസ്സിലാക്കിയ ആ ഹൃദയത്തിെൻറ ആർദ്രതയിൽനിന്ന് ഉരുവം കൊണ്ട അനശ്വരമായ കവിതകൾക്കും വാക്കുകൾക്കും സ്നേഹസ്പർശങ്ങൾക്കും ഒരിക്കലും മരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.