മലകൾക്കിടയിൽ കുടുങ്ങിയ സഞ്ചാരിയെ രക്ഷപ്പെടുത്തി
text_fieldsഫുജൈറ: ഫുജൈറയിലെ മലനിരകളിൽ കുടുങ്ങിയ സാഹസിക സഞ്ചാരിയെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ഫുജൈറ പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെ സഹായത്തോടെ നാഷനൽ സെർച്ച് ആൻഡ് റസ്ക്യൂ സെന്റർ (എൻ.എസ്.ആർ.സി) ആണ് രക്ഷാപ്രവർത്തനം നടത്തിയത്.
രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ ഇയാൾ തീർത്തും അവശനിലയിലായിരുന്നു. തുടർന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്ത ശേഷം യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എൻ.എസ്.ആർ.സി വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മല കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച ധ്രുതകർമസേന ഹെലികോപ്റ്ററിൽ സംഭവസ്ഥലം തിരിച്ചറിയുകയും ഇയാളുടെ അടുത്തേക്ക് രക്ഷാപ്രവർത്തകരെ അയക്കുകയുമായിരുന്നു. വൈകീട്ടോടെയാണ് രക്ഷാപ്രവർത്തനം അവസാനിച്ചത്.
മല കയറാനെത്തുന്ന നിവാസികളും സന്ദർശകരും കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മല കയറുന്നവർക്ക് അതിജീവിക്കാനുള്ള ചില ടിപ്സുകളും മുമ്പ് അധികൃതർ പുറത്തുവിട്ടിരുന്നു. കൂടുതൽ വെള്ളവും ഭക്ഷണവും കരുതുക, ഫോൺ ഫുൾ ചാർജാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവ ഇതിൽ പ്രധാനമാണ്. അടിയന്തര ഘട്ടത്തിൽ 999 എന്ന നമ്പറിൽ സഹായം തേടാമെന്നും രക്ഷാസേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.