യു.എ.ഇ: കാറിൽ കടത്താൻ ശ്രമിച്ച 6.5 കിലോ മയക്കുമരുന്ന് പിടികൂടി
text_fieldsദുബൈ: കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 6.5 കിലോ മയക്കുമരുന്ന് ദുബൈ കസ്റ്റംസ് പിടികൂടി . അതിർത്തിയിൽ നടന്ന പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. കാർ യാത്രക്കാരന്റെ ദേഹ പരിശോധനയിൽ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ മൂന്നു ഗ്രാം ക്രിസ്റ്റൽ മെത് കണ്ടെത്തുകയായിരുന്നു.
മെത് രഹസ്യ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാറിൽ വിശദ പരിശോധന നടത്തിയപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 6.567 കിലോ ഹഷീഷ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ മാസം ഏഷ്യൻ രാജ്യത്തുനിന്ന് ടവലിനകത്ത് പൊതിഞ്ഞ് കണ്ടെയ്നർ വഴി കടത്താൻ ശ്രമിച്ച 2,34,000 നിരോധിത ട്രമഡോൾ ഗുളികകൾ ദുബൈ തുറമുഖ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഡിസംബറിൽ ദുബൈ തുറമുഖത്തെത്തിയ മരബോട്ടിൽ കടത്താൻ ശ്രമിച്ച ഹഷീഷ് ഉൾപ്പെടെ 234.68 കിലോ മയക്കുമരുന്നും പിടികൂടിയിരുന്നു. ദുബൈ ക്രീക്ക്, ദേര വാർഫേജ് കസ്റ്റംസ് സെന്ററുകൾ ചേർന്ന് ഓപറേഷൻ ‘വീൽ ഹൗസ്’ എന്ന് പേരിട്ട് നടത്തിയ നീക്കത്തിലൂടെയായിരുന്നു മയക്കുമരുന്ന് കടത്ത് ശ്രമം തകർത്തത്.
മയക്കുമരുന്ന് കടത്തുകാരുടെ ശരീരഭാഷ നിർവചിക്കാനുള്ള ദുബൈ കസ്റ്റംസിന്റെ പ്രാഗല്ഭ്യവും ജാഗ്രതയുമാണ് ഇത് തെളിയിക്കുന്നതെന്ന് ഇൻലാൻഡ് കസ്റ്റംസ് സെന്റേഴ്സ് മാനേജ്മെന്റ് ഡയറക്ടർ ഹമീദ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.