ചികിത്സ: ഗസ്സയിൽനിന്ന് 98 പേർകൂടി അബൂദബിയിൽ
text_fieldsഅബൂദബി: ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികളും അർബുദരോഗികളും അടങ്ങുന്ന 13ാമത് സംഘം ചികിത്സക്കായി അബൂദബിയിലെത്തി. കുട്ടികളടക്കം 98 പേരുടെ സംഘമാണ് കഴിഞ്ഞ ദിവസം അബൂദബി വിമാനത്താവളത്തിലിറങ്ങിയത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 40 കുട്ടികളും സംഘത്തിലുൾപ്പെടും. ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും അർബുദരോഗികൾക്കും ചികിത്സ ലഭ്യമാക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് സംഘം യു.എ.ഇയിലെത്തിയത്.
ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് ഇവരെ യു.എ.ഇയിലേക്ക് എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളും ചികിത്സ തേടിയെത്തിയവരിലുണ്ട്. ചികിത്സ തേടുന്നവരുടെ 58 കുടുംബാംഗങ്ങളെയും അബൂദബിയിലെത്തിച്ചു. ഇത് പതിമൂന്നാമത്തെ സംഘമാണ് പദ്ധതിപ്രകാരം യു.എ.ഇയിലെത്തുന്നത്. പരിക്കേറ്റ 585 കുട്ടികളടക്കം 1154 പേർ ഇതുവരെ ചികിത്സക്കായി ഫലസ്തീനിൽനിന്ന് അബൂദബിയിലെത്തിയിട്ടുണ്ട്.
യു.എ.ഇയിൽ എത്തിച്ചുള്ള ചികിത്സക്കു പുറമെ, അൽ ആരിഷ് തുറമുഖത്ത് നങ്കൂരമിട്ട ഫ്ലോട്ടിങ് ഹോസ്പിറ്റലും ദക്ഷിണ ഗസ്സ മുനമ്പിൽ ഒരു ഫീൽഡ് ഹോസ്പിറ്റലും സ്ഥാപിച്ച് വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം ഇതിനകം ഫലസ്തീനികൾക്കായി ഭക്ഷണം, വെള്ളം, മെഡിക്കൽ വസ്തുക്കൾ എന്നിവയുൾപ്പെടെ 21,000 ടൺ അടിയന്തര സാധനങ്ങൾ യു.എ.ഇ എത്തിച്ചു. 213 വിമാനങ്ങൾ, എട്ടു എയർഡ്രോപ്പുകൾ, 946 ട്രക്കുകൾ, രണ്ടു കപ്പലുകൾ എന്നിവയിലൂടെയാണ് സഹായങ്ങൾ അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.