യു.എ.ഇയിൽ മരം നടീൽ വാരാചരണത്തിന് തുടക്കം
text_fieldsദുബൈ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറകൾക്ക് പകരാൻ ലക്ഷ്യമിട്ട് ആരംഭിച്ച മരം നടീൽ വാരാചരണത്തിന് തിങ്കളാഴ്ച യു.എ.ഇയിൽ തുടക്കമായി. റാസൽ ഖൈമയിലും ഫുജൈറയിലും വിവിധ പാരിസ്ഥിതിക സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടാണ് ഈ വർഷത്തെ മരം നടീൽ വാരാചരണത്തിന് തുടക്കമിട്ടത്.
ഫുജൈറയിൽ പരിസ്ഥിതി അതോറിറ്റിയുമായി കൈകോർത്ത് സ്കൂൾ കുട്ടികൾ യു.എ.ഇ ഫ്ലാഗ് യാർഡ് പരിസരത്ത് പല തരത്തിലുള്ള നാടൻ ചെടികൾ വെച്ചുപിടിപ്പിച്ചു. ചെടികൾ നട്ടുപിടിപ്പിക്കലും പച്ചപ്പ് പരിപാലിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും വിദ്യാർഥികളെ പഠിപ്പിച്ചു.അതേസമയം, റാസൽ ഖൈമയിൽ പുതുതായി തുറന്ന പാർക്കിലാണ് മരം നടീൽ വാരാചരണം നടന്നത്. വാദി ഇസ്ഫാനിയിലാണ് പൊതു സേവന വിഭാത്തിന്റെയും എമിറേറ്റ്സ് റെഡ് ക്രസന്റിന്റെയും സഹകരണത്തോടെ പുതിയ പാർക്ക് ഉദ്ഘാടനം ചെയ്തത്.
കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന എല്ലാ പ്രായത്തിലുമുള്ളവരിലും ചെടികൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും മുനിസിപ്പാലിറ്റികൾക്ക് ഇതിലുള്ള പങ്ക് ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് 40 വർഷം മുമ്പാണ് മരം നടീൽ വാരാചരണത്തിന് യു.എ.ഇ തുടക്കമിട്ടതെന്ന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ സംരംഭം പ്ലാന്റ് ദി എമിറേറ്റ്സ് ദേശീയ പ്രോഗ്രാമിന്റെ കീഴിലുള്ള ‘നമ്മുടെ ഹരിത എമിറേറ്റ്സ്’ സംരംഭത്തിന്റെ തുടക്കം കുറിക്കലുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിൽ മരം നടീൽ വാരാചരണത്തിൽ മറ്റ് എമിറേറ്റുകൾ കൂടി ഭാഗമാവുമെന്ന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് പറഞ്ഞു.
കമ്യൂണിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയിൽ പ്രാദേശിക ചെടികൾ വെച്ചുപിടിപ്പിക്കുന്നത് സംബന്ധിച്ചും പരാഗണം നടത്തുന്നതിലെ സാങ്കേതിക വിദ്യകളെ കുറിച്ചും പരിശീലനം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.