അഗ്നിബാധയുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം
text_fieldsഅജ്മാന്: ജോലിസ്ഥലത്തിനു സമീപ വീടിനു തീപിടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് അജ്മാന് സിവില്‍ ഡിഫന്‍സിെൻറ ആദരം. ഹമീദിയയിലെ പാം സെൻററിലെ ജീവനക്കാരാണ് ഇവര്‍. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെ ഇവരുടെ സ്ഥാപനത്തിനു സമീപത്തെ വില്ലക്ക് തീപിടിക്കുകയായിരുന്നു.
അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നത്. വീട്ടിലുണ്ടായിരുന്ന പ്രായമായവരും കുട്ടികളും പുറത്തിറങ്ങി സമീപത്തുള്ളവരോട് സഹായം തേടി. ഇതോടെ പാം സെൻററിലെ ജീവനക്കാരായ തിരൂര്‍ പച്ചാട്ടിരി സ്വദേശി ശിബില്‍ അല്‍താഫ്, തലശ്ശേരി സ്വദേശി നൗജാസ്, കാടാമ്പുഴ സ്വദേശി അബ്ദുല്‍ മജീദ്, കോട്ടക്കല്‍ ഇന്ത്യന്നൂര്‍ സ്വദേശി ഫാസില്‍, ബംഗ്ലാദേശ് സ്വദേശി മുനവ്വര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തങ്ങളുടെ സ്ഥാപനത്തിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ചും മണ്ണ് വാരിയെറിഞ്ഞും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ഇവരുടെ ഇടപെടൽ മൂലം വില്ലയിലെ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ളവയിലേക്ക് തീപടരാതിരിക്കുകയും വന്‍ ദുരന്തം ഒഴിവാകുകയും ചെയ്തു. സംഭവ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ പൂര്‍ണമായി അണച്ചു. വീട്ടുടമ ഇവരുടെ ഇടപെടൽ സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് അധികൃതരെ അറിയിച്ചു. തുടർന്ന് ഇവരെ ആദരിക്കുകയും അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അനുമോദനം ലഭിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.