കോവിഡ് കാലത്തും കരുതൽ മറക്കാതെ ട്രോളി റിപ്പോർട്ടുകൾ
text_fieldsഅജ്മാൻ: കുട്ടികളിലും ഒപ്പംതന്നെ മുതിർന്നവരിലും സാമൂഹിക ഉത്തരവാദിത്തം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ ആരംഭിച്ച ഹാബിറ്റാറ്റ് ഫോർ ടുമോറോയുടെ സ്പോട്ട് ആൻഡ് റിപ്പോർട്ട് പദ്ധതിക്ക് കോവിഡ് കാലത്തും മികച്ച പ്രതികരണം. ഈ കാലയളവിനുള്ളിൽ ഏകദേശം 200നടുത്ത് ട്രോളികൾ ആണ് റിപ്പോർട്ട് ചെയ്തത്.
യു.എ.ഇയിലൊട്ടാകെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളോട് ചേർന്നാണ് സ്പോട്ട് ആൻഡ് റിപ്പോർട്ട് പ്രവർത്തിക്കുന്നത്. പാർക്കിങ് സ്ഥലങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഫ്ലാറ്റുകളുടെ ഇടനാഴികളിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ഷോപ്പിങ് ട്രോളികൾ പലപ്പോഴും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
ഇങ്ങനെ കണ്ടുകിട്ടുന്ന ഷോപ്പിങ് ട്രോളികളുടെ ചിത്രം ലൊക്കേഷൻ മാപ്പോടു കൂടി ഹാബിറ്റാറ് ഫോർ ടുമോറോ സ്പോട്ട് ആൻഡ് റിപ്പോർട്ടിെൻറ പ്രത്യേക വാട്സ്ആപ് നമ്പറിൽ അറിയിച്ചാൽ ഉടൻതന്നെ അത് ബന്ധപ്പെട്ട സൂപ്പർമാർക്കറ്റുകളെ അറിയിക്കുകയും തിരികെ കൊണ്ടുപോകാൻ നടപടി സ്വീകരിക്കുകയും ചെയ്യും.
ഷോപ്പിങ് ട്രോളികൾ നഷ്ടപ്പെടുന്നത് മൂലം ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കാണുകയും അറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് താനെന്നും ഇങ്ങനൊരു പദ്ധതിയെപ്പറ്റി അറിഞ്ഞപ്പോൾ അവരുടെ മുഖമാണ് ഓർമ വന്നതെന്നും അൽഐനിൽ നിന്നും ഏറ്റവും കൂടുതൽ ട്രോളികൾ സ്പോട്ട് ആൻഡ് റിപ്പോർട്ട് ചെയ്ത ഡോ. എം.എച്ച്. ഫൈസൽ അഭിപ്രായപ്പെട്ടു.
പൊതുസ്ഥലങ്ങളിൽ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട ട്രോളികൾ കണ്ടാൽ വ്യക്തമായ ചിത്രവും ലൊക്കേഷൻ മാപ്പും അടക്കം +971 56 14 15 166 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്താൽ ഉടനടി നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.