തുർക്കി ഭൂകമ്പം; കരുണയുടെ കൈനീട്ടി പ്രവാസികളും
text_fieldsദുബൈ: ഭൂകമ്പത്തിൽ ഉലയുന്ന തുർക്കിയയിലേക്കും സിറിയയിലേക്കും സഹായമൊഴുക്കി പ്രവാസികളും. ദുബൈയിലെ തുർക്കി കോൺസുലേറ്റ് വഴിയും അബൂദബിയിലെ എംബസി വഴിയുമാണ് പ്രവാസികൾ അടക്കമുള്ളവർ തുർക്കിയയിലേക്ക് സഹായം അയക്കുന്നത്. മലയാളികൾ അടക്കമുള്ളവർ ഇവിടെ നേരിട്ടെത്തി സഹായം നൽകുകയും ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. സഹായവസ്തുക്കൾ സ്വരൂപിക്കാനും പാക്ക് ചെയ്യാനും അയക്കാനുമെല്ലാം ഇവർ സഹായിക്കുന്നുണ്ട്.
ബ്ലാങ്കറ്റ്, ഭക്ഷണസാധനങ്ങൾ, വസ്ത്രം, കുട്ടികൾക്കുള്ള വസ്തുക്കൾ, മരുന്ന് തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. തുർക്കി കോൺസുലേറ്റ്, എമിറേറ്റ്സ് റെഡ് ക്രസന്റ് സൊസൈറ്റി, ടർക്കിഷ് ബിസിനസ് കൗൺസിൽ, വിവിധ സാമൂഹിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ അൽ ഖൂസിലെ വെയർഹൗസിലാണ് സഹായവസ്തുക്കൾ സ്വരൂപിക്കുന്നത്. വലിയ വാഹനങ്ങളിൽ വരെ ഇവിടേക്ക് സഹായവസ്തുക്കൾ എത്തിക്കുന്നവരുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സഹായം സ്വീകരിക്കുന്നത്. വിവരങ്ങൾ തയാറാക്കൽ, സഹായം സ്വീകരിക്കൽ, എണ്ണിത്തിട്ടപ്പെടുത്തൽ, രജിസ്ട്രേഷൻ, പാക്കിങ് എന്നിങ്ങനെ തിരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇമാറാത്തി പൗരന്മാർ ഉൾപ്പെടെയുള്ളവർ വൻതോതിൽ സഹായം എത്തിക്കുന്നുണ്ട്. മറ്റു സ്ഥാപനങ്ങളിൽനിന്ന് വാങ്ങിക്കൊണ്ടുവരുന്ന വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഉപയോഗിച്ച വസ്തുക്കളല്ല, പുതിയവയാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പാക്ക് ചെയ്തശേഷം ഇവയെല്ലാം വിമാനത്താവളത്തിൽ എത്തിക്കും. ടർക്കിഷ് എയർലൈൻസിൽ ഇസ്തംബൂളിലേക്കാണ് ഇവ എത്തിക്കുന്നത്. ഇതുവരെ കാണാത്തവർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ സഹായമൊഴുക്കുന്ന ഹൃദയസ്പർശിയായ കാഴ്ചയാണ് യു.എ.ഇയിൽ കാണുന്നതെന്ന് തുർക്കി കോൺസൽ ജനറൽ പറഞ്ഞു. അബൂദബിയിലെ തുർക്കി എംബസിയുടെ നേതൃത്വത്തിലും സഹായം സ്വീകരിക്കുന്നുണ്ട്.
ഇരുരാജ്യങ്ങളെയും സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം നൽകുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സിറിയക്ക് 50 ദശലക്ഷം ദിർഹമിന്റെ സഹായവും പ്രഖ്യാപിച്ചിരുന്നു. ദുരന്തമുണ്ടായ ആദ്യദിവസംതന്നെ സഹായവുമായി യു.എ.ഇയിൽനിന്ന് വിമാനം അയച്ചു. തുർക്കിയയിലും സിറിയയിലും രക്ഷാദൗത്യത്തിനായി ‘ഗാലന്റ് നൈറ്റ് ടു’ എന്ന പേരിൽ പ്രതിരോധ മന്ത്രാലയം ദൗത്യം പ്രഖ്യാപിച്ചിട്ടുണ്ട്. സെർച്ച് ആൻഡ് റെസ്ക്യൂ ടീം, മെഡിക്കൽ സംഘം എന്നിവർ ടീമിലുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് സഹായം നൽകാൻ ഫീൽഡ് ആശുപത്രികളും ഒരുക്കി.
പരിക്കേറ്റ ഇമാറാത്തികളെ തിരിച്ചെത്തിച്ചു
ദുബൈ: തുര്‍ക്കിയ ഭൂകമ്പത്തില്‍ പരിക്കേറ്റ മൂന്ന് യു.എ.ഇ സ്വദേശികളെ തിരിച്ചെത്തിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിമാനമാര്‍ഗമാണ് ഇവരെ യു.എ.ഇയിലെത്തിച്ചത്. പരിക്ക് നിസ്സാരമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് സിറിയയിലും തുര്‍ക്കിയയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇന്നുരാത്രിവരെ സാധനങ്ങള്‍ എത്തിക്കാം
അബൂദബി: ഭൂകമ്പബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വ്യാഴാഴ്ച രാത്രി എട്ടുമണിവരെ അബൂദബിയിലെ എംബസിയിലും ദുബൈയിലെ കോണ്‍സുലേറ്റിലും തുര്‍ക്കിയ എംബസി അധികൃതര്‍ സ്വീകരിക്കും. ശൈത്യകാല വസ്ത്രങ്ങള്‍, ടിന്നിലടച്ച ഭക്ഷണം, ടെന്റുകള്‍, പവര്‍ ബാങ്കുകള്‍, ഡയപ്പറുകള്‍ തുടങ്ങിയവയാണ് അടിയന്തരമായി എത്തിക്കേണ്ടത്. തുര്‍ക്കിയയിലെ 10 പ്രവിശ്യകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്നത് ദൗത്യസംഘം തുടരുകയാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ശൈത്യകാല വസ്ത്രങ്ങള്‍, ടെന്റുകള്‍, കിടക്കകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഗ്യാസ് സിലിണ്ടറുകള്‍, പവര്‍ ബാങ്കുകള്‍, ഫ്ലാഷ് ലൈറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയും സംഭാവന ചെയ്യാവുന്ന ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ബേബി ഫുഡ്സ്, ഡയപ്പറുകള്‍, ശുചിത്വ ഉൽപന്നങ്ങള്, ഭക്ഷണ പെട്ടികള്‍ എന്നിവയും നല്‍കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.