‘കാരുണ്യപ്പെട്ടി’കൾ ഒരുക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
text_fieldsദുബൈ: നഗരത്തിലെ സേവനസന്നദ്ധരുടെ ഒത്തൊരുമയും ആവേശവും ഒരിക്കൽകൂടി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. സിറിയയിലും തുർക്കിയയിലും ഭൂകമ്പ ദുരിതത്തിലായവർക്കുവേണ്ടി ആവശ്യവസ്തുക്കൾ പാക്ക് ചെയ്യാൻ സ്വദേശികളും താമസക്കാരുമായ ആയിരക്കണക്കിന് വളന്റിയർമാരാണ് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. അക്ഷീണപ്രയത്നത്താൽ മണിക്കൂറുകൾക്കകം 15,000 ബോക്സുകളിൽ സഹായ വസ്തുക്കൾ പാക്ക് ചെയ്ത് പൂർത്തിയാക്കാനും സാധിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റുമായി (ഇ.ആർ.സി) സഹകരിച്ച് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് സംഘടിപ്പിക്കുന്ന ‘ബ്രിഡ്ജസ് ഓഫ് ഗിവിങ്’ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പം സേവനസന്നദ്ധരായി വേൾഡ് ട്രേഡ് സെന്ററിലെത്തി. രാജകുടുംബത്തിലെ കുട്ടികൾ അവരുടെ വളന്റിയർമാർക്കൊപ്പം ദുരിതാശ്വാസസാമഗ്രികൾ പാക്ക് ചെയ്യുന്നതിൽ പങ്കാളികളായി. വിവിധ രാജ്യക്കാരായ നിരവധി പേരാണ് സേവന ഉദ്യമത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്. ഭക്ഷണം, വസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവയടക്കമാണ് ബോക്സിൽ ഉൾപ്പെടുത്തിയതെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് ഡയറക്ടർ സാറ അൽ നുഐമി പറഞ്ഞു. യു.എ.ഇ നടത്തിവരുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി ഈ വസ്തുക്കൾ വരുംദിവസങ്ങളിൽ ഭൂകമ്പ ബാധിത മേഖലകളിലേക്ക് എത്തിക്കും.
തുർക്കിയയിലും സിറിയയിലും ഭൂകമ്പം ബാധിച്ച സ്ഥലങ്ങളിൽ ആദ്യ മണിക്കൂറുകളിൽതന്നെ യു.എ.ഇ സഹായവുമായി രംഗത്തെത്തിയിരുന്നു. ദിവസങ്ങളോളം നീണ്ട രക്ഷാപ്രവർത്തനങ്ങളിലും വിവിധ സേനാ വിഭാഗങ്ങൾ പങ്കെടുക്കുകയുണ്ടായി. ഫീൽഡ് ആശുപത്രികളും മറ്റു സംവിധാനങ്ങളും രൂപപ്പെടുത്തുകയും ചെയ്തു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 10 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിരവധി സാമൂഹിക കൂട്ടായ്മകളും വ്യക്തികളും യു.എ.ഇ സഹായത്തിന് തയാറായി എത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.