തുർക്കിയ, സിറിയ ഭൂകമ്പം ;22 സഹായവിമാനങ്ങൾ പറന്നു
text_fieldsദുബൈ: ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയയിലേക്കും സിറിയയിലേക്കും സഹായവുമായി പറന്നത് 22 വിമാനങ്ങൾ. അവശ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ 640 ടൺ വസ്തുക്കളാണ് ഇതുവരെ എത്തിച്ചത്. ‘ഗാലൻഡ് നൈറ്റ്-2’ എന്നു പേരിട്ട രക്ഷ-സഹായ ദൗത്യത്തിന്റെ ഭാഗമാണിത്. 15 വിമാനങ്ങൾ തുർക്കിയയിലേക്കാണ് പറന്നത്. 50 ബെഡുകളുള്ള ഫീൽഡ് ആശുപത്രി സജ്ജീകരിക്കാനും മെഡിക്കൽ, രക്ഷാസംഘങ്ങളെ എത്തിക്കാനുമാണ് ഈ വിമാനങ്ങൾ പ്രധാനമായും ഉപയോഗിച്ചത്.
എമർജൻസി വിഭാഗം, അത്യാഹിത വിഭാഗം, ഓപറേഷൻ തിയറ്റർ, ഒ.പി, വാർഡ്, ലബോറട്ടറി, ഫാർമസി, എക്സ്റേ, സ്കാനിങ് എന്നീ സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്. ഓർതോപീഡിക്സ്, ജനറൽ സർജറി, അനസ്തേഷ്യ, ഐ.സി.യു തുടങ്ങിയവയിൽ സ്പെഷലിസ്റ്റായ ആരോഗ്യപ്രവർത്തകരാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാങ്കേതിക പ്രവർത്തകരും ഒപ്പമുണ്ട്. ഏഴു വിമാനങ്ങളാണ് സിറിയയിൽ എത്തിയത്. 515 ടെന്റുകൾക്കു പുറമെ ഭക്ഷ്യ വസ്തുക്കളും ഈ വിമാനങ്ങൾ വഴി എത്തിച്ചു. അതേസമയം, വ്യാഴാഴ്ചയും യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ വസ്തുക്കൾ ശേഖരിച്ചു.
അബൂദബി തുർക്കിയ എംബസി, ദുബൈയിലെ തുർക്കിയ കോൺസുലേറ്റ് എന്നിവ വഴിയാണ് അവശ്യവസ്തുക്കൾ ശേഖരിക്കുകയും നാട്ടിലേക്ക് അയക്കുകയും ചെയ്യുന്നത്. ബ്ലാങ്കറ്റ്, ഭക്ഷണസാധനങ്ങൾ, വസ്ത്രം, കുട്ടികൾക്കുള്ള വസ്തുക്കൾ, മരുന്ന് തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. വലിയ വാഹനങ്ങളിൽ വരെ ഇവിടേക്ക് സഹായവസ്തുക്കൾ എത്തിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സഹായം സ്വീകരിക്കുന്നത്. വിവരങ്ങൾ തയാറാക്കൽ, സഹായം സ്വീകരിക്കൽ, എണ്ണിത്തിട്ടപ്പെടുത്തൽ, രജിസ്ട്രേഷൻ, പാക്കിങ് എന്നിങ്ങനെ തിരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.