ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർ പറയുന്നു ‘ഞങ്ങൾക്ക് കണ്ണീരടക്കാനായില്ല’
text_fieldsദുബൈ: ‘അപ്രതീക്ഷിതമായിരുന്നു പലതും. മണ്ണിനടിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ മക്കളും മാതാപിതാക്കളും തമ്മിലുള്ള കാഴ്ച വികാരാനിർഭരമായിരുന്നു. അത് കണ്ടുനിന്ന ഞങ്ങൾക്ക് കണ്ണീരടക്കാനായില്ല’ -തുർക്കിയയിലെ ഭൂകമ്പബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന യു.എ.ഇ സേനയുടെ മേധാവി കേണൽ ഖാലിദ് അൽ ഹമ്മദിയുടെ വാക്കുകളാണിത്. ഭൂകമ്പം കവർന്നെടുത്ത നാട്ടിലെ ദുർഘടമായ രക്ഷാപ്രവർത്തനത്തെ കുറിച്ചും കണ്ണുനനയിക്കുന്ന കാഴ്ചകളെ കുറിച്ചും വിവരിക്കുകയാണ് ഖാലിദ്.
‘ഒരമ്മയെ പുറത്തെടുത്ത നിമിഷം ഇപ്പോഴും മറക്കാനാവുന്നില്ല. കണ്ണീരോടെയാണ് ഞങ്ങൾ അവരെ പുറത്തെത്തിച്ചത്. ചുറ്റുമുള്ള ദുരന്ത കാഴ്ചകളെല്ലാം മറന്നുപോകുന്നതായിരുന്നു ഈ കാഴ്ച. വളരെ നേരത്തെ പരിശ്രമത്തിന് ശേഷം ഇവരുടെ പെൺമക്കളെയും ആൺകുഞ്ഞിനെയും പുറത്തെത്തിച്ചു. സന്തോഷത്താൽ ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്തുപോയി. കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്’ -കേണൽ പറയുന്നു.
ജീവനുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഏകദേശം അവസാനിച്ചു. ഇപ്പോൾ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എങ്കിലും, ഓരോ തിരച്ചിലിലും ജീവന്റെ കണിക പ്രതീക്ഷിക്കുന്നുണ്ട്. ഖറാമൺമറയിൽ ആറ് പേരെ കാണാനില്ലെന്നറിഞ്ഞു. ഇപ്പോൾ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആറ് മേഖലയിലാണ് ഭൂകമ്പം കൂടുതൽ ബാധിച്ചത്. ഇവിടെയുള്ള എല്ലാ കെട്ടിടങ്ങളും നിലംപതിച്ചു. രക്ഷാപ്രവർത്തനത്തിന് തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
120ഓളം പേരാണ് തുർക്കിയയിൽ യു.എ.ഇയുടെ രക്ഷാസംഘത്തിലുള്ളത്. രക്ഷാസേനക്ക് പുറമെ ചികിത്സ, മറ്റ് സഹായങ്ങൾ എന്നിവക്കും സംഘങ്ങളുണ്ട്. 120 മണിക്കൂറിന് ശേഷം 11 വയസ്സുകാരനെയും മധ്യവയസ്കനെയും യു.എ.ഇ സേന രക്ഷിച്ചിരുന്നു. പത്തോളം പേരെ രക്ഷിക്കുകയും നിരവധി മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഫീൽഡ് ആശുപത്രി സ്ഥാപിച്ചാണ് യു.എ.ഇ ചികിത്സ നൽകുന്നത്. 50 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്. ദിവസവും 100 പേരെയാണ് ഈ ആശുപത്രിയിൽ ചികിത്സിക്കുന്നത്. തൊട്ടടുത്ത് മറ്റ് ആശുപത്രികൾ ഇല്ലാത്തതിനാൽ നിരവധി പേരുടെ ആശയമാണ് ഈ ആശുപത്രി. ഐ.സി.യു, സ്കാനിങ്, ഓപറേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.