യു.എ.ഇയിൽനിന്ന് പറന്നത് 27 വിമാനങ്ങള്‍
text_fieldsഅബൂദബി: ഭൂകമ്പം നാശം വിതച്ച തുർക്കിയയിലേക്കും സിറിയയിലേക്കും ദുരിതാശ്വാസവുമായി യു.എ.ഇ ഇതുവരെ 27 വിമാനങ്ങള്‍ അയച്ചു. തുർക്കിയയിലേക്ക് ഇതുവരെ 17 വിമാനങ്ങളാണ് സഹായങ്ങളുമായി പറന്നിറങ്ങിയത്. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളും എത്തിയിരുന്നു. ഇതില്‍ 107 മെട്രിക് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു. 87 ടണ്‍ ഭക്ഷ്യവസ്തുക്കളും 20 ടണ്‍ മെഡിക്കല്‍ സാമഗ്രികളും 432 ടെന്റുകളുമാണ് ഇതിലുള്ളത്. അതേസമയം, വെള്ളിയാഴ്ച എത്തിയ മൂന്ന് വിമാനങ്ങള്‍ ഉള്‍പ്പെടെ 10 വിമാനങ്ങളാണ് സിറിയയിലേക്ക് അയച്ചത്.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് തുർക്കിയ ഇസ്ലാഹിയ നഗരത്തില്‍ മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ദുര്‍ഘടമായ കാലാവസ്ഥയെ അവഗണിച്ച് യു.എ.ഇയുടെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തകര്‍ പരിശോധന തുടരുകയാണ്. സംഘം കെര്മന്മാരാസില് നാലുപേരെ രക്ഷപ്പെടുത്തുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. യു.എ.ഇ ഇതുവരെ 134 രക്ഷാപ്രവര്‍ത്തകര്‍ അടങ്ങുന്ന ടീമുകളെ തുർക്കിയയിലേക്കും സിറിയയിലേക്കും അയച്ചിട്ടുണ്ട്. യു.എ.ഇ ഭരണാധികാരികളുടെ നിര്‍ദേശാനുസരണം സിറിയയിലും തുർക്കിയയിലും ‘ഗാലന്റ് നൈറ്റ്-2’ എന്ന പേരിലാണ് രക്ഷാദൗത്യം നടക്കുന്നത്.
ദുരിതാശ്വാസമൊരുക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ: തുർക്കിയ, സിറിയ ഭൂകമ്പ ബാധിത പ്രദേശത്ത് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷനും. പുതിയ വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, അവശ്യ വസ്തുക്കൾ തുടങ്ങിയ ശേഖരിച്ച് ഇരുരാജ്യങ്ങളിലുമെത്തിക്കാനാണ് തീരുമാനം. ദുരിതാശ്വാസ സാമഗ്രികൾ നിക്ഷേപിക്കുന്നതിന് വിവിധ സൂപ്പർ മാർക്കറ്റുകളിലും ഹൈപർ മാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും റിലീഫ് ബോക്സുകൾ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.