21 അപൂർവ ആമകളെ കടലിലേക്ക് തിരിച്ചയച്ചു
text_fieldsദുബൈ: വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനത്തിൽപ്പെട്ട 21 ആമകളെ കടലിലേക്ക് തുറന്നുവിട്ടു. 15 ഹോക്ബിൽ, ആറ് പച്ചനിറമുള്ള ആമകൾ എന്നിവ ഇതിൽ ഉൾപ്പെടും. ലോക കടലാമ ദിനത്തിൽ ജുമൈറ ഗ്രൂപ്പിന്റെ ആമ പുനരധിവാസ പദ്ധതിയുടെ (ഡി.ടി.ആർ.പി) ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജുമൈറ ബീച്ചിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരുമായി 50ഓളം വളന്റിയർമാർ പങ്കെടുത്തു. പലയിടങ്ങളിൽനിന്നായി കണ്ടെത്തിയ പരിക്കേറ്റതും സുഖമില്ലാത്തതുമായ ആമകളെ പരിചരിച്ച് സുഖപ്പെടുത്തിയ ശേഷമാണ് കടലിലേക്ക് തുറന്നുവിട്ടത്.
കഴിഞ്ഞ ഒക്ടോബറിലാണ് റാസൽ ഖൈമയിലെ തീരങ്ങളിൽനിന്ന് പരിക്കേറ്റ നിലയിൽ വിവിധ തരം ആമകളെ കണ്ടെത്തിയത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഭക്ഷിച്ചതുമൂലം കുടൽരോഗം ബാധിച്ചനിലയിലായിരുന്നു. ശ്വാസകോശത്തിനും അണുബാധയേറ്റിരുന്നു. തുടർന്ന് ഇവയെ ചികിത്സിച്ച് അസുഖം ഭേദപ്പെടുത്തിയ ശേഷമാണ് വീണ്ടും കടലിലേക്ക് തുറന്നുവിടാൻ തീരുമാനിച്ചത്.
ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇത്തരം കടൽജീവികളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഡി.ടി.ആർ.പി പ്രോജക്ട് അംബാസഡർ ശൈഖ് ഫഹിം ബിൻ സുൽത്താൻ ബിൻ ഖാലിദ് അൽ ഖാസിമി, ബുർജ് അൽ അറബ് ജുമൈറയിലെ അേക്വറിയം ഡയറക്ടർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 2004 മുതൽ 2000 ആമകളെയാണ് ഇത്തരത്തിൽ ഡി.ടി.ആർ.പി പരിചരിച്ച ശേഷം കടലിലേക്ക് തുറന്നുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.