സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് 81 ആമകളെ തുറന്നുവിട്ടു
text_fieldsഅബൂദബി: അബൂദബി പരിസ്ഥിതി ഏജന്‍സിയും നാഷനല്‍ അക്വേറിയവും സംയുക്തമായി 81 ആമകളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിട്ടു. നാഷനല്‍ അക്വേറിയവുമായി സഹകരിച്ച് 2020 ആഗസ്റ്റില്‍ ആരംഭിച്ച വന്യജീവി റെസ്ക്യൂ പദ്ധതിയുടെ ഭാഗമായാണ് നടപടി. ആകെ 800 ആമകളെയാണ് അധികൃതര്‍ രക്ഷപ്പെടുത്തിയത്. ഇതില്‍ 500 എണ്ണത്തിനെ മോചിപ്പിച്ചു. അല്‍ സഅദിയാത്ത് മറൈന്‍ നാഷനല്‍ പാര്‍ക്കിലുള്ള സഅദിയാത്ത് ദ്വീപിലാണ് ആമകളെ തുറന്നുവിട്ടത്.
ലോക കടലാമ ദിനത്തിൽ സഅദിയാത്ത് റൊട്ടാന റിസോര്‍ട്ട് ആന്‍ഡ് വില്ലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമൂഹ വികസന വകുപ്പ് ചെയര്‍മാനും അബൂദബി പരിസ്ഥിതി ഏജന്‍സി ബോര്‍ഡ് അംഗവുമായ ഡോ. മുഘീര്‍ ഖമീസ് അല്‍ ഖലീലാണ് ആമകളെ തുറന്നുവിട്ടത്. അബൂദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സാലിം അല്‍ ധാഹിരി, അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ഗസിരി, കാലാവസ്ഥ-പരിസ്ഥിതി മന്ത്രാലയത്തിലെ ജൈവവൈവിധ്യ സമുദ്രജീവി വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സല്മാന് അല്‍ ഹമ്മാദി, ലൂറേ അബൂദബി ഡയറക്ടര്‍ മാനുവല്‍ റബാതേ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മോചിപ്പിച്ച ചില ആമകളുടെ നീക്കമറിയാന് ഇവയില്‍ സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണങ്ങള്‍ ഘടിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് വരെ 178 ആമകളെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ 81 എണ്ണത്തെയാണ് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മോചിപ്പിച്ചത്. കുടുങ്ങിപ്പോയ ആമകളെ പരിസ്ഥിതി ഏജന്‍സിയിലെയും നാഷനല്‍ അക്വേറിയത്തിലെയും ഗവേഷക സംഘമാണ് രക്ഷപ്പെടുത്തുന്നത്. ഇവയെ പരിശോധിച്ച് ആരോഗ്യം ഉറപ്പാക്കുകയും അവ എങ്ങനെയാണ് കുടുങ്ങിയതെന്ന് കണ്ടെത്തുകയും ചെയ്ത ശേഷം ആരോഗ്യസ്ഥിതി അനുസരിച്ച് ഇവയെ കടലില്‍ തുറന്നുവിടുകയാണ് ചെയ്യുന്നത്.
വന്യജീവി, പ്രകൃതിദത്ത ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് അബൂദബി പരിസ്ഥിതി ഏജന്‍സി പുതിയ നയം കൊണ്ടുവരാന്‍ അടുത്തിടെ തീരുമാനമെടുത്തിരുന്നു. അല്‍ സാദിയാത്ത് മറൈന്‍ നാഷനല്‍ പാര്‍ക്ക്, മാന്‍ഗ്രോവ് മറൈന്‍ നാഷനല്‍ പാര്‍ക്ക് എന്നിവയാണ് പുതിയ സംരക്ഷിത മേഖല നയത്തില്‍ ഉള്‍പ്പെടുന്നത്. അല്‍ ധഫ്രയിലെ ഹൂബറ സംരക്ഷിത മേഖലയും അല്‍ യാസത് മറീന സംരക്ഷിത മേഖലയിലെ പവിഴപ്പുറ്റുകളും ഈ നയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.
ഈ മേഖലക്കു സമീപമുള്ള പ്രദേശങ്ങളിലെ പദ്ധതികളും മറ്റും തുടങ്ങണമെങ്കില്‍ പാരിസ്ഥിതികാഘാത പഠനം നടത്തുകയും പുതിയ നയപ്രകാരം പരിസ്ഥിതി ഏജന്‍സിയില്‍നിന്ന് ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്യണം. ശൈഖ് സായിദ് സംരക്ഷിത മേഖല ശൃംഖലയുടെ ഭാഗമായ പ്രകൃതികേന്ദ്രങ്ങളെ പിന്തുണക്കുന്നതിനും എമിറേറ്റിന്റെ സാംസ്കാരിക, പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനുമാണ് ഇത്തരമൊരു നയരൂപവത്കരണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നായി 15ലധികം ഏജന്‍സികളാണ് നയരൂപവത്കരണത്തിലേക്ക് സംഭാവനകള്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.