ഇരുപതാം ചരമവാർഷികം; ശൈഖ് സായിദിനെ അനുസ്മരിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ 20ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമകളേയും രാജ്യത്തിനായുള്ള സംഭാവനകളേയും അനുസ്മരിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്സ് അക്കൗണ്ടിലൂടെ വിഡിയോക്കൊപ്പമാണ് ഹൃദയസ്പർശിയായ കുറിപ്പും ശൈഖ് മുഹമ്മദ് പങ്കുവെച്ചത്.
‘‘ജീവിതത്തിൽ രണ്ടു തരം ആളുകളുണ്ടാകും. ഒരുകൂട്ടർ വെറും എണ്ണപ്പെടാൻ മാത്രമുള്ള മനുഷ്യരായിരിക്കും. മറ്റൊരു കൂട്ടർ ജീവിതത്തിലേക്ക് മറ്റുള്ളവരെ ചേർത്തുപിടിക്കുന്നവരായിരിക്കും. ശൈഖ് സായിദ് തീർച്ചയായും രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടയാളാണ്.
തന്റെ രാജ്യത്തെ സമ്പന്നമാക്കുകയും തലമുറകൾക്കു വേണ്ടി വലിയ കാഴ്ചപ്പാടുകൾ നടപ്പാക്കുകയും ചെയ്ത മഹാൻ’’ -ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. ദൈവം സായിദ് ബിൻ സുൽത്താൻ ആൽ നഹിയാനെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സ്വർഗം നൽകട്ടെ.
അദ്ദേഹത്തിന്റെ നല്ല പ്രവൃത്തികളും തന്റെ ജനങ്ങൾക്കുവേണ്ടി ചെയ്തു വെച്ച നന്മകളും സത്പ്രവൃത്തികളുടെ അളവുകോലായി മാറട്ടെയെന്നും ശൈഖ് മുഹമ്മദ് പ്രാർഥിച്ചു.
ശൈഖ് സായിദിന്റെ പത്താം ചരമവാർഷികത്തിൽ താൻതന്നെ എഴുതിയ കവിതയും ശൈഖ് മുഹമ്മദ് അനുസ്മരിച്ചു. “താങ്കളുടെ വിശ്രമമറിയാത്ത പരിശ്രമം അവസാനിച്ചു. ഇനി സമാധാനത്തോടെ വിശ്രമിക്കുക, എന്റെ സ്വന്തം പിതാവേ. ജനങ്ങൾക്ക് വെറുമൊരു നേതാവ് മാത്രമല്ലായിരുന്നു നിങ്ങൾ, അറബികൾക്കല്ലാം വഴിവിളക്കായിരുന്നു. ഞങ്ങൾ അനുഭവിക്കുന്ന എല്ലാ മഹത്വത്തിന്റെയും അവകാശി നിങ്ങളാണ്. ഞങ്ങളുടെ ഉന്നമനത്തിന്റെ കാരണക്കാരനും നിങ്ങളാണ്. യഥാർഥ നേതാവിന്റെ മുഴുവൻ പ്രൗഢിയും കുലീനതയും വംശപരമ്പരയും താങ്കൾക്കവകാശപ്പെട്ടതാണ്’’ -കവിതയുടെ ആദ്യ ഭാഗത്തിൽ ഇങ്ങനെയാണ് ശൈഖ് മുഹമ്മദ് ശൈഖ് സായിദിനെ ഓർത്തെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.