ഷിന്ദഗയിൽ രണ്ടു പാലങ്ങളും തുരങ്കപാതയും തുറന്നു
text_fieldsദുബൈ: അതിവേഗം വികസിക്കുന്ന ദുബൈയിലെ ഗതാഗത മേഖലക്ക് മുതൽക്കൂട്ടായി രണ്ട് പാലങ്ങളും ഒരു തുരങ്കപാതയും കൂടി പ്രവർത്തനസജ്ജമായി തുറന്നുകൊടുത്തു. ഷിന്ദഗ ഇടനാഴിയിലാണ് രണ്ട് പ്രധാന പാലങ്ങളും 2.3 കിലോമീറ്ററിലധികം നീളമുള്ള ഒരു തുരങ്കപാതയും തുറന്നത്. അൽ ഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ വലീദ് റോഡിനും അൽ ഗുബൈബ റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഫാൽക്കൺ ഇൻറർചേഞ്ച് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായ റോഡ് പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 27,200 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.
അൽ ഖലീജ് സ്ട്രീറ്റിലെ രണ്ട് പാലങ്ങൾക്ക് 1,825 മീറ്റർ നീളമാണുള്ളത്. ഓരോന്നിനും ആറുവരി പാതകളുണ്ട്. ഇരു ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾ സഞ്ചരിക്കാനുള്ള ശേഷിയാണ് കണക്കാക്കുന്നത്. ആദ്യത്തെ പാലത്തിന് 750 മീറ്ററും രണ്ടാമത്തേതിന് 1,075 മീറ്ററും നീളമാണുള്ളത്. രണ്ട് പാലങ്ങളും വടക്ക് ഭാഗത്തുനിന്ന് ഇൻഫിനിറ്റി പാലവും അൽ ഷിന്ദഗ ടണലും വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. തെക്കുഭാഗത്ത് ശൈഖ് റാശിദ് റോഡിന്റെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജങ്ഷനിൽ നിലവിൽ നിർമിക്കുന്ന പാലങ്ങളുമായി ഇവയെ ബന്ധിപ്പിക്കുകയും ചെയ്യും. ഇതോടെ ഈ ഭാഗത്തെ ഗതാഗതം എളുപ്പമായിത്തീരും.
ഖാലിദ് ബിൻ വലീദ് റോഡിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്ക് ഇടതുഭാഗത്തേക്ക് പോകുന്നതിനാണ് രണ്ടുവരി തുരങ്കപാത സഹായിക്കുക. 500 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയും. ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണം റോഡുകളുടെ ശേഷി, കാര്യക്ഷമത, ഗതാഗത സുരക്ഷ എന്നിവ വർധിപ്പിക്കുന്നതിനൊപ്പം അൽ ഷിന്ദഗ ഇടനാഴിയിലൂടെ സുഗമമായ ഗതാഗതം സാധ്യമാക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. റാശിദ് തുറമുഖത്തേക്ക് എൻട്രി, എക്സിറ്റ് പോയിന്റുകളും, പുതിയ പാലത്തിന് താഴെ കൂടുതൽ പാർക്കിങ് സ്ഥലങ്ങളും രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
530 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതി നിലവിൽ ആർ.ടി.എ നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. മൊത്തം 13 കിലോമീറ്റർ ദൈർഘ്യമുള്ള 15 ജങ്ഷനുകളുടെ നിർമാണമാണ് ഇതിൽ ഉൾപ്പെടുന്നത്. പദ്ധതി അഞ്ച് ഘട്ടങ്ങളായി വിഭജിച്ചാണ് നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.