പള്ളികളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ രണ്ട് കോടി ദിര്‍ഹമിന്റെ പദ്ധതി
text_fieldsഅബൂദബി: പള്ളികളിലെ വൈദ്യുതി ഉപഭോഗം 20 ശതമാനം കുറക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി 20 ദശലക്ഷം ദിര്‍ഹമിന്റെ നിക്ഷേപം നടത്തുന്നു. അബൂദബി, അല്‍ ദഫ്ര മേഖലകളിലെ 850 പള്ളികളിലെ എയര്‍കണ്ടീഷണറുകളുടെ ഉപയോഗം ക്രമപ്പെടുത്തുന്നതിനുള്ള കരാറില്‍ അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെയും ഇസ്ലാമികകാര്യ വകുപ്പിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ചു.
ഊര്ജസംരക്ഷണഭാഗമായി പള്ളികളിലെ എയര്‍കണ്ടീഷണറുകളില്‍ സ്മാര്‍ട്ട് തെര്മോസ്റ്റാറ്റ്സ് ഘടിപ്പിക്കുമെന്ന് അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി റവന്യൂ മാനേജ്മെന്റ് ഡിവിഷന് മാനേജര്‍ ഹുമൈദ് അല്‍ ഷംസി പറഞ്ഞു.
മേഖലയിലെ വലിയ പള്ളികളാണ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാവിയില്‍ ചെറിയ പള്ളികളിലെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളികളിലെ എയര്‍കണ്ടീഷണറുകള്‍ നിരീക്ഷിക്കാനും അന്തരീക്ഷ താപനിലക്കനുസരിച്ച് വിദൂരത്തിലിരുന്ന് തന്നെ ഇവ നിയന്ത്രിക്കാനും സ്മാര്‍ട്ട് തെര്മോസ്റ്റാറ്റ്സ് സഹായിക്കും. 2030ഓടെ എമിറേറ്റിലെ വൈദ്യുതി ഉപഭോഗം 22 ശതമാനവും ജല ഉപഭോഗം 32 ശതമാനവും കുറക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പ്രതിവര്‍ഷം 26 ജിഗാവാട്ട് മണിക്കൂര്‍ വൈദ്യുതിയും 4600ഓളം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡും സംരക്ഷിക്കാന്‍ ഇതിലൂടെയാവും. പള്ളികളിലെ വൈദ്യുതി ഉപഭോഗം നിരീക്ഷിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ കണ്ട്രോള് റൂം ഔഖാഫ് തുറക്കും.
ഔഖാഫും ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് നടത്തിവരുന്ന ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം ഏകദേശം ഏഴുലക്ഷം ക്യുബിക് മീറ്റര്‍ ജലം സംരക്ഷിക്കാന്‍ കഴിയുന്നുണ്ട്.
600 പള്ളികളിലെ അംഗശുദ്ധിവരുത്തുന്ന ജലഉപഭോഗം കുറയ്ക്കുന്നതാണ് ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.