കറാമയിൽ ഒറ്റ ഫ്രെയിമിൽ രണ്ട് വെടിക്കെട്ട്
text_fieldsദുബൈ: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നഗരത്തിന്റെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാത്രി മുഴുവൻ വൻ തിരക്കായിരുന്നു. ദുബൈ കറാമയിലെ സഅബീല്‍ പാര്‍ക്കിലും പരിസരങ്ങളിലും ഒറ്റ ഫ്രെയിമിൽ രണ്ട് വെടിക്കെട്ട് കാണാൻ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെ ബാച്ചിലേഴ്സിന് പുറമെ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും കൂട്ടമായി ഇവിടെയെത്തി.
ബുര്‍ജ് ഖലീഫയിലെയും ദുബൈ ഫ്രെയിമിലെയും വെടിക്കെട്ടുകൾ ഒരേ സമയം ആളുകള്‍ക്ക് വീക്ഷിക്കാന്‍ പറ്റിയയിടം എന്നതു കൊണ്ടാണ് ആളുകള്‍ ഇവിടേക്കൊഴുകിയത്. ഇത് പാതിരാ വരെ നീണ്ടു. രാത്രി പത്തരമണിയോടെ തിരക്ക് വര്‍ധിച്ചു. കറാമ ഭാഗത്തെ താമസ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് പാര്‍ക്കിലേക്ക് കയറാവുന്ന മൂന്നാം ഗേറ്റില്‍ ആണ് കൂടുതല്‍ തിരക്കനുഭവപ്പെട്ടത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പാർക്കിന്റെ പ്രവൃത്തി സമയം നീട്ടിയിരുന്നു. പാര്‍ക്കിനകത്തേക്ക് കയറാന്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ബാരിക്കേഡുകള്‍ വെച്ചാണ് തിരക്ക് നിയന്ത്രിച്ചത്. സ്വദേശികളടക്കം വിവിധ രാജ്യക്കാര്‍ പാര്‍ക്കില്‍ സംഗമിച്ചു. കറാമയില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് കൂടുതല്‍ താമസക്കാരെന്നതിനാല് പാര്‍ക്കില്‍ അവരുടെ സാന്നിധ്യമായി കൂടുതൽ. കൂടാതെ സമീപ പ്രദേശങ്ങളായ മംഗൂല്, ബര്‍ദുബൈ ഭാഗങ്ങളിലുള്ളവരും തിരഞ്ഞെടുത്തത് സബീല്‍ പാര്‍ക്ക് തന്നെ.
ഷട്ടില്‍ ബസുകള്‍ സഅബീല്‍ പാര്‍ക്ക് ഭാഗത്തേക്കും സര്‍വിസ് നടത്തിയതും മെട്രോ സമയം അധികരിപ്പിച്ചതും ആളുകൾക്ക് ഗുണം ചെയ്തു. പാര്ക്കിനോടുചേര്ന്ന മാക്സ്, എ.ഡി.സി.ബി മെട്രോ സ്റ്റേഷനുകളിലും നല്ല തിരക്കനുഭവപ്പെട്ടു.
ബുര്‍ജ് ഖലീഫക്ക് സമീപം ആളുകളുടെ തിരക്ക് പരിഗണിച്ചും ഗതാഗത നിയന്ത്രണം ഉണ്ടായതിനാലും റോഡുകളിലെ തിരക്കും കുടുംബ സമേതം ഇരിക്കാനുള്ള സൗകര്യവും മുന്നില്‍ക്കണ്ടാണ് ആളുകള്‍ സഅബീല്‍ പാര്‍ക്കും പരിസരങ്ങളും തിരഞ്ഞെടുത്തത്.
പാര്‍ക്കിന്റെ രണ്ടു സെക്ടറുകളിലും നല്ല തിരക്കാണുണ്ടായത്. അതേസമയം സ്വദേശികളില്‍ കൂടുതല്‍ പേരും തിരഞ്ഞെടുത്തത് സഅബീല്‍ പാലസിനോട് ചേര്‍ന്നുള്ള രണ്ടാം സെക്ടറാണ്. ഇവിടെയുള്ള ഗാര്ഡന് ഗ്ലോ, ദിനോസര്‍ പാര്‍ക്കുകള്‍ കാണാനെത്തിയവരുടെ എണ്ണവും ഇന്നലെ വര്‍ധിച്ചു.
ഇവിടെ കൂടുതല്‍ അലങ്കാരങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു. വൈകുന്നേരം പാര്‍ക്കില്‍ കയറിയവര്‍ വെടിക്കെട്ടും വീക്ഷിച്ചാണ് പുറത്തേക്കിറങ്ങിയത്. പത്തര മണി കഴിഞ്ഞപ്പോഴേക്കും പാര്‍ക്കിന്റെ അകവും പുറവും ആളുകളെ കൊണ്ട് നിറഞ്ഞു. വെടിക്കെട്ട് ആസ്വദിക്കാമെന്നുകണ്ട് പല കൂട്ടായ്മകളും കുടുംബങ്ങളും അവരുടെ സംഗമങ്ങളും ഇന്നലെ പാര്‍ക്കിലേക്ക് മാറ്റി.
കൂട്ടായ്മകളുടെ വിവിധ മത്സരങ്ങളും കലാപ്രകടനങ്ങള്‍ കൊണ്ടും പാര്‍ക്ക് ശബ്ദമുഖരിതമായി. മിക്കവരും ഭക്ഷണം, പായ, കസേര പോലുള്ള സൗകര്യങ്ങളും കരുതിയിരുന്നു. പാർക്കിങ് സ്ലോട്ടുകൾ നേരത്തെ തന്നെ നിറഞ്ഞിരുന്നു. വെടിക്കെട്ടിനുള്ള സമയം അടുത്തതോടെ കറാമ ഭാഗത്തുനിന്നും സബീല്‍ പാര്‍ക്കിലേക്ക് കടക്കാനുള്ള ഫൂട്ട് ഓവര്‍ബ്രിഡ്ജും ആളുകളെക്കൊണ്ട് നിറഞ്ഞു.
ഈ ഭാഗങ്ങളിലെ കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ആളുകള്‍ സ്ഥാനം പിടിച്ചു. നല്ല ഗതാഗത തിരക്കും അനുഭവപ്പെട്ടു. നഗരത്തിലെ ഫുഡ് സ്പോട്ടായ കറാമയിൽനിന്ന് ഭക്ഷണവും പിന്നെ വെടിക്കെട്ടും ഉദ്ദേശിച്ചാണ് മറ്റു പ്രദേശങ്ങളിൽനിന്നും കൂടുതൽ ആളുകൾ എത്തിയത്. ഭക്ഷണ ശാലകളിലും പതിവിൽ കവിഞ്ഞ തിരക്കുണ്ടായി.
സാധാരണ ദിവസങ്ങളില്‍ രാത്രി 11 മണി വരെയാണ് സഅബീൽ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇന്നലെ ഒരുമണി വരെ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. അധിക ജോലിക്കാരെ വെച്ചാണ് ശനിയാഴ്ച പാര്‍ക്ക് പ്രവര്‍ത്തിച്ചത്. ബുര്‍ജ് ഖലീഫയിലും ദുബൈ ഫ്രെയിമിലും വർണം വിരിഞ്ഞപ്പോള്‍ പാട്ടും ആരവങ്ങളുമായി ആളുകള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.