ദുബൈയിൽ രണ്ട് ഫുട്ബാൾ സ്റ്റേഡിയങ്ങൾ നിർമിക്കുന്നു
text_fieldsദുബൈ: ലോക കായിക ഭൂപടത്തിൽ ശ്രദ്ധേയ സാന്നിധ്യമായി വളരുന്ന ദുബൈയിൽ രണ്ട് വലിയ ഫുട്ബാൾ സ്റ്റേഡിയങ്ങൾ കൂടി നിർമിക്കുന്നു. ശബാബ് അൽ അഹ്ലിക്കും അൽ വസ്ൽ എഫ്.സിക്കും വേണ്ടി നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ രൂപരേഖക്ക് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. നഗരത്തിലെ അൽ റവയ്യ, അൽ ജദ്ദാഫ് പ്രദേശങ്ങളിലാണ് സ്റ്റേഡിയങ്ങൾ നിർമിക്കുക. ഇരു സ്റ്റേഡിയങ്ങളിലും 20,000 വീതം കാണികൾക്ക് ഇരിക്കാനാകും. രണ്ട് ക്ലബുകളുടെയും ഭാവി വളർച്ച മുന്നിൽക്കണ്ടാണ് ഇവ നിർമിക്കുന്നത്. പ്രദേശിക കളിക്കാരെ വളർത്തിയെടുക്കാനും കൂടുതൽ ആരാധകരെ നേടിയെടുക്കാനും ക്ലബുകൾക്ക് പുതിയ സംവിധാനം സഹായകമാവുകയും ചെയ്യും.
ശബാബ് അൽ അഹ്ലി സ്റ്റേഡിയം വൃത്താകൃതിയിൽ പ്രത്യേക രൂപരേഖയിലാണ് തയാറാക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിനുചുറ്റും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം രൂപപ്പെടുത്താനും പദ്ധതിയുണ്ട്. കൂടുതൽ പ്രകൃതി സൗഹൃദപരമായ സംവിധാനങ്ങൾ സ്വീകരിക്കുന്ന ദുബൈയുടെ നയത്തിന്റെ ഭാഗമായാണ് ഈ രൂപരേഖ തയാറാക്കിയിട്ടുള്ളത്. അൽ വസ്ൽ സ്റ്റേഡിയവും സുസ്ഥിര കാഴ്ചപ്പാടനുസരിച്ചാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ചുറ്റും ഹരിത ഇടങ്ങൾ ഈ രൂപരേഖയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.ദുബൈ കായിക മേഖലയുടെ വികാസവും ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങളുമാണ് പദ്ധതി തെളിയിക്കുന്നതെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽ മക്തൂം പറഞ്ഞു. ക്ലബുകളുടെ സൗകര്യങ്ങളും സ്റ്റേഡിയങ്ങളും വർധിപ്പിച്ച്, പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുകയും ക്ലബുകളെ ശക്തിപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത് -അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ദുബൈ ഇക്കണോമിക് അജണ്ട ഡി 33 അനുസരിച്ച് എമിറേറ്റിനെ പ്രാദേശികവും ആഗോളതലത്തിലുള്ളതുമായ കായിക കേന്ദ്രമാക്കുമെന്ന് തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.