വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി രണ്ടു കുത്തിവെപ്പ് കേന്ദ്രം
text_fieldsഅബൂദബി: 12 വയസ്സിന് മുകളിലുള്ള സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ എന്നിവർക്കായി അബൂദബിയിലും അൽഐനിലും രണ്ട് വാക്ക്-ഇൻ വാക്സിനേഷൻ സെൻററുകൾ തുറന്നു.
അബൂദബിയിലെ വിദ്യാഭ്യാസ- വൈജ്ഞാനിക വകുപ്പും (അഡെക്) ആരോഗ്യ വകുപ്പും പൊതു ജനാരോഗ്യകേന്ദ്രവും ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയും സംയുക്ത സഹകരണത്തോടെയാണ് ഈ സൗകര്യം ഒരുക്കിയത്.
അബൂദബി മിന സായിദിലെ സേഹ കോവിഡ് -19 വാക്സിനേഷൻ സെൻററിലെ ഗ്രീൻ ഹാൾ, അൽ ഐൻ കൺവെൻഷൻ സെൻററിലെ സെഹ കോവിഡ് -19 വാക്സിനേഷൻ സെൻററിലെ ഗ്രീൻ ഹാൾ എന്നിവിടങ്ങളിലാണ് വാക്ക്-ഇൻ വാക്സിനേഷൻ സെൻററുകൾ പ്രവർത്തിക്കുക. ഒക്ടോബർ 31 വരെ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ സെൻററുകൾ പ്രവർത്തിക്കും.
മുൻകൂട്ടി അപ്പോയിൻമെൻറ് ആവശ്യമില്ല. എന്നാൽ, 18 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കൊപ്പം മാതാപിതാക്കളോ രക്ഷിതാവോ ഉണ്ടായിരിക്കണം.
പുതിയ അധ്യയന വർഷത്തിൽ 16ഉം അതിനുമുകളിലും പ്രായമുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിലെ മുഖാമുഖ പഠനസൗകര്യത്തിലേക്ക് മടങ്ങാൻ വാക്സിനേഷൻ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ഫൈസർ, സിനോഫാം വാക്സിനുകൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നോ മറ്റു ആരോഗ്യ വകുപ്പ് അംഗീകൃത വാക്സിനേഷൻ കേന്ദ്രത്തിലോ എത്തി സ്വീകരിക്കാനാവും. വാക്സിനേഷൻ രജിസ്ട്രേഷന് എമിറേറ്റ്സ് ഐ.ഡി ഹാജരാക്കണം.
സ്കൂളുകളിൽ പുതുതായി ജോലിക്കെത്തുന്നവർ പാസ്പോർട്ടും റെസിഡൻസി എൻട്രി പെർമിറ്റും യു.ഐ.ഡിയും ഹാജരാക്കണം. രജിസ്ട്രേഷൻ സമയത്ത് സ്കൂൾ ജീവനക്കാർ ഐ.ഡി, ജോലി അല്ലെങ്കിൽ സ്കൂളിൽ നിന്നുള്ള നിയമന ലെറ്റർ എന്നിവ കാണിക്കണം. അൽ ഹൊസൻ ആപ്പിൽ പച്ച അല്ലെങ്കിൽ ഗ്രേ സ്റ്റാറ്റസ് പ്രദർശിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.