ഒരാഴ്ചക്കിടെ രണ്ടു ലക്ഷം സൈബർ ആക്രമണങ്ങൾ
text_fieldsദുബൈ: യു.എ.ഇയിൽ ഒരാഴ്ചക്കിടെ നടന്നത് രണ്ടു ലക്ഷം സൈബർ ആക്രമണങ്ങൾ. എല്ലാം പരാജയപ്പെടുത്താനായതായി സൈബർ സുരക്ഷ ടീമിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. പശ്ചിമേഷ്യയിൽ വിവിധ രാജ്യങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നതെന്ന് യു.എ.ഇ സൈബർ സുരക്ഷ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. സമ്പത്തിക രംഗത്ത് ലോകത്തെ പ്രധാന കേന്ദ്രമാണ് യു.എ.ഇ. അതുകൊണ്ടാണ് ചില സമയങ്ങളിൽ ഈ മേഖലയിൽ സൈബർ ആക്രമണങ്ങൾ വർധിക്കുന്നത്. എന്നാൽ, ദൃഢമായ പങ്കാളിത്തങ്ങളും സഹകരണവും നിലനിൽക്കുന്നതിനാൽ ഇത്തരം ആക്രമണങ്ങൾ വിജയിക്കാറില്ലെന്നും കുവൈത്ത് വ്യക്തമാക്കി.
വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന സാങ്കേതികവിദ്യ പ്രദർശനമായ ജൈടെക്സ് ഗ്ലോബലിൽ നടന്ന ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സൈബർ ആക്രമണങ്ങൾക്കെതിരെ യു.എ.ഇ നടത്തുന്ന ശ്രമങ്ങൾ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്ലോബൽ സെക്യൂരിറ്റി സൂചിക പ്രകാരം ഏറ്റവും ഉയർന്ന സൈബർ സുരക്ഷയുള്ള രാജ്യങ്ങളിൽ യു.എ.ഇയും ഉൾപ്പെടുന്നുണ്ട്. രണ്ടു ലക്ഷം ആക്രമണങ്ങളുണ്ടായെങ്കിലും ഒരു സംവിധാനത്തേയും അത് ബാധിച്ചിട്ടില്ല.
പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുമ്പോഴെല്ലാം സൈബർ സുരക്ഷ ഭീഷണി സ്വാഭാവികമാണെന്നും അൽ കുവൈത്തി പറഞ്ഞു. വഞ്ചനകളുടെയും തട്ടിപ്പുകളുടെയും ആൾമാറാട്ടത്തിന്റെയും രൂപത്തിലാണ് പ്രധാനമായും സൈബർ ആക്രമണങ്ങൾ നടക്കുന്നത്. മേഖലയിൽ ഭൂമിശാസ്ത്രപരമായ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് മറ്റൊരു തലത്തിലുള്ള സൈബർ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.