ഈദിന് ദുബൈ വിമാനത്താവളത്തിൽ രണ്ടു ലക്ഷം യാത്രക്കാർ
text_fieldsദുബൈ: ചെറിയ പെരുന്നാൾ ദിവസം ദുബൈ വിമാനത്താവളം വഴി യാത്രചെയ്തത് രണ്ടുലക്ഷം പേർ. ദുബൈ മീഡിയ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരിൽ 1.1 ലക്ഷം പേർ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേർന്നവരാണ്. ബാക്കിയുള്ളവർ വിവിധ രാജ്യങ്ങളിലേക്ക് പോയവരും. ആഘോഷ സന്ദർഭങ്ങളിൽ ദുബൈയിൽ ചെലവഴിക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഓരോ വർഷവും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് കണക്കുകൾ പുറത്തുവിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
പെരുന്നാൾ സീസണിൽ മിഡിൽ ഈസ്റ്റിലെ സർവിസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി വെളിപ്പെടുത്തിയിരുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് ഏപ്രിൽ 19 മുതൽ മേയ് 31വരെ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ആറു നഗരങ്ങളിലേക്ക് 38 കൂടുതൽ വിമാനങ്ങളാണ് ഉൾപ്പെടുത്തിയത്. റിയാദ്, ദമ്മാം, ജിദ്ദ, മദീന, കുവൈത്ത്, ബൈറൂത് എന്നിവിടങ്ങളിലേക്കാണ് അധിക വിമാനം ഏർപ്പെടുത്തിയത്.
ഇതിലൂടെ പെരുന്നാൾ സീസണിൽ 1.1ലക്ഷത്തിലധികം യാത്രക്കാർ എമിറേറ്റ്സിന് മാത്രമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം ആദ്യത്തിൽ പുറത്തുവന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായി ഒമ്പതാം വർഷവും ലോകത്തിലെ തിരക്കേറിയ വിമാനത്താവളമായി ദുബൈ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോവിഡിനു ശേഷം സർവിസുകൾ സജീവമായതോടെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 2022ൽ 6.6 കോടിയിലധികമായി. 2023ൽ ഇത് 7.8 കോടിയായി വർധിക്കുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.