യമനിൽ രണ്ടു മാസത്തെ വെടിനിർത്തൽ
text_fieldsദുബൈ: ഏഴു വർഷത്തെ പ്രതിസന്ധിക്കൊടുവിൽ യമൻ സംഘർഷത്തിന് താൽകാലിക വിരാമം. യു.എൻ മധ്യസ്ഥതയിൽ രണ്ടുമാസത്തെ വെടിനിർത്തലിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരു വിഭാഗവും അഗീകരിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാവുന്നതാണ് എന്നും ധാരണയായിട്ടുണ്ട്.
യു.എൻ നിർദേശം അംഗീകരിച്ചാണ് ഇരുവിഭാഗവും സംഘർഷമവസാനിപ്പിക്കാൻ ധാരണയിലെത്തിയതെന്നും ഏപ്രിൽ രണ്ട് ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ വെടിനിർത്തൽ നിലവിൽ വരുമെന്നും യമനിലെ ഐക്യരാഷ്ട്ര സഭ പ്രത്യേക ദൂതൻ ഹാൻസ് ഗ്രുൻഡ്ബെർഗ് പ്രസ്താവനയിൽ പറഞ്ഞു. കര, വ്യോമ, സമുദ്ര മേഖലകൾ വഴി യമനിനകത്തും പുറത്തുമുള്ള എല്ലാ ആക്രമണങ്ങളും തിരിച്ചടിയും അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യമൻ തലസ്ഥാനമായ സൻആയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനസ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് വെടിനിർത്തലിനെ അഭിനന്ദിക്കുകയും കരാർ നടപ്പാക്കുന്നതിന് എല്ലാ കക്ഷികളുടെയും പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. യമൻ ഗവൺമെന്‍റ് വൃത്തങ്ങളും സർക്കാറിനെ പിന്തുണക്കുന്ന സൗദി നേതൃത്വത്തിലുള്ള സംയുക്ത സേനാ സഖ്യവും ഹൂതി വിമതരും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്.
2016ന് ശേഷം ആദ്യമായാണ് യമനിൽ സമ്പൂർണ വെടിനിർത്തലിന് ധാരണയാകുന്നത്. യു.എൻ കണക്കനുസരിച്ച് നാലു ലക്ഷത്തോളം ജനങ്ങൾക്ക് യെമൻ പ്രതിസന്ധി കാരണമായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സൗദിയിലെ വിവിധ സ്ഥലങ്ങളിലും യു.എ.ഇ തലസ്ഥാനമായ അബൂദബിയിലും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകൾക്കിടെയാണ് വെടിനിർത്തൽ കരാറിലെത്തിയത്. സമാധാന കരാർ അമേരിക്ക, സൗദി, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.