വിമാന അപകടത്തിന് രണ്ടു മാസം; നഷ്ടപരിഹാരം തേടി 'കരിപ്പൂർ കുടുംബം'
text_fieldsദുബൈ: കരിപ്പൂർ വിമാന അപകടം നടന്നിട്ട് ഇന്നേക്ക് രണ്ടു മാസം. നഷ്ടപരിഹാരവും സർട്ടിഫിക്കറ്റുകളും വൈകാതെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾ ചേർന്ന് 'കരിപ്പൂർ കുടുംബം' എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. മരിച്ച മലയാളികളായ 19 പേരുടെ 17 കുടുംബങ്ങളാണ് കൂട്ടായ്മയിൽ ഉള്ളത്. കുടുംബാംഗങ്ങൾ ഒപ്പിട്ട നിവേദനം പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് നൽകി. ആഗസ്റ്റ് ഏഴിന് ദുബൈയിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ തകർന്ന് പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 21 പേരാണ് മരിച്ചത്.
സംഭവം നടന്ന് രണ്ടു മാസമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാറിൽനിന്ന് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ നൽകുമെന്നാണ് അറിയുന്നത്. ഇതിെൻറ നടപടികൾ പൂർത്തിയായിട്ടുണ്ട്.എന്നാൽ, കേന്ദ്രം ഇതുവരെ വ്യക്തമായ പ്രഖ്യാപനം നടത്തിയിട്ടില്ല. സംഭവം നടന്ന ദിവസം കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എത്ര തുക നൽകുമെന്നോ എന്ന് നൽകുമെന്നോ വ്യക്തമാക്കിയിരുന്നില്ല. ഇതിെൻറ തുടർ നടപടികളൊന്നും തുടങ്ങിയിട്ടുമില്ല. അതേസമയം, എയർ ഇന്ത്യയുടെ ഇൻഷ്വറൻസ് കമ്പനി പ്രാഥമിക നഷ്ടപരിഹാരം നൽകിയിരുന്നു. ഇത് യാത്രക്കാർക്ക് സ്വാഭാവികമായും അവകാശപ്പെട്ട നഷ്ടപരിഹാരമാണ്. ഇതിന് കേന്ദ്രസർക്കാറുമായി ബന്ധമില്ല. മംഗലാപുരം അപകടമുണ്ടായപ്പോൾ എയർ ഇന്ത്യയുടെ ഇൻഷ്വറൻസിന് പുറമെ കേന്ദ്രസർക്കാറും നഷ്ടപരിഹാരം നൽകിയിരുന്നു.
സർട്ടിഫിക്കറ്റുകൾ ലഭ്യമാകാൻ വൈകുന്നതാണ് കുടുംബാംഗങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി. മരണ സർട്ടിഫിക്കറ്റ്, പിന്തുടർച്ചാവകാശം, പോസ്റ്റുേമാർട്ടം സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമായാെല തുടർ നടപടികൾ വേഗത്തിലാക്കാൻ കഴിയുകയുള്ളു. ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെട്ട് നടപടി വേഗത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മരിച്ചവരുടെ ബന്ധുവിന് ജോലി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി മലബാർ ഡെവലപ്മെൻറ് ഫോറത്തിന് കീഴിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിരുന്നു. ഇതിന് പുറമെയാണ് മരിച്ചവരുടെ കുടുംബങ്ങൾ ചേർന്ന് 'കരിപ്പൂർ കുടുംബം' രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.