ദുബൈയിൽ രണ്ടു ഫാമിലി പാർക്കുകൾകൂടി
text_fieldsദുബൈ: ദുബൈയിൽ രണ്ടു ഫാമിലി പാർക്കുകളുടെകൂടി നിർമാണം പൂർത്തീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി. അൽവർക ഒന്ന്, നാല് ജില്ലകളിലായി ആകെ 80 ലക്ഷം ദിർഹം ചെലവിട്ടാണ് രണ്ടു പാർക്കുകളുടെ നിർമാണം പൂർത്തീകരിച്ചത്.
ദുബൈ നിവാസികളുടെ ഉയർന്ന ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച ഫാമിലി സ്ക്വയർ ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് പ്രോജക്ടിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ പാർക്കുകളുടെ നിർമാണം. എമിറേറ്റിലെ വിവിധ ഇടങ്ങളിൽ 125 പാർക്കുകൾ, സ്ക്വയറുകൾ, കളിസ്ഥലം എന്നിവ നിർമിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. 2019നും 2021നും ഇടയിൽ 70 ഇടങ്ങളിൽ പാർക്കുകളുടെയും സ്ക്വയറുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. വരുംമാസങ്ങളിൽ 55 പാർക്കുകളും സ്ക്വയറുകളുംകൂടി നിർമിക്കാനാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ തീരുമാനമെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
ആകെ 9.3 കോടി ദിർഹമാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. നാല് ഫാമിലി പാർക്കുകൾ നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ രണ്ടെണ്ണത്തിന്റെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്. അൽ നഹ്ദ ഒന്ന്, ഹൂർ അൽഅൻസ ഈസ്റ്റ് എന്നിവിടങ്ങളിലായി രണ്ടു പാർക്കുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ ഇത് പൂർത്തീകരിക്കും.
എമിറേറ്റിലെ ജനങ്ങളുടെ ജീവിതനിലവാരവും ആഡംബര സൗകര്യങ്ങളും ഉയർത്തുകയെന്ന ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്നതാണ് പദ്ധതിയെന്നും ദാവൂദ് അൽ ഹജ്രി പറഞ്ഞു. വ്യത്യസ്തങ്ങളായ വിനോദങ്ങളും കായിക ഇനങ്ങളും ഉൾപ്പെടെ കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള പ്രത്യേക സൗകര്യങ്ങൾ പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
പൊതു, സ്വകാര്യ മേഖലകൾക്ക് ആകർഷകമായ നിക്ഷേപ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ബിസിനസ് കിയോസ്കുകളും സന്ദർശകർക്ക് നവ്യാനുഭവങ്ങൾ സമ്മാനിക്കുന്ന വിവിധ പ്രോഗ്രാമുകളും ദുബൈ മുനിസിപ്പാലിറ്റി പുതിയ പാർക്കുകളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
നിശ്ചയദാർഢ്യ വിഭാഗങ്ങളെകൂടി ഉൾക്കൊള്ളാൻ കഴിയുന്നതും പരിസ്ഥിതി അനുകൂലവുമായ സാഹചര്യങ്ങളോടുംകൂടിയതാണ് പുതിയ പാർക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.