അൽഖൈൽ റോഡിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു
text_fieldsദുബൈ: അൽഖൈൽ റോഡ് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങളുടെ പണി പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. സഅബീൽ, അൽഖൂസ് 1 എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ തുറന്നത്. മൊത്തം 1350 മീറ്ററാണ് രണ്ട് പാലങ്ങളുടെയും നീളം. രണ്ട് പാലങ്ങളുടെയും പണി പൂർത്തിയായതോടെ മണിക്കൂറിൽ 8000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.
അൽഖൈൽ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3300 മീറ്റർ നീളത്തിൽ ആകെ അഞ്ച് പാലങ്ങളാണ് നിർമിക്കുന്നത്. കൂടാതെ 6820 മീറ്റർ നീളത്തിൽ ലൈനുകളുടെ വീതികൂട്ടുന്ന പ്രവൃത്തികളും ഇതിൽ ഉൾപ്പെടും. അൽഖൈൽ റോഡിൽ അൽ ജദ്ദാഫ്, ബിസിനസ് ബേ, സഅബീൽ, മൈദാൻ, അൽഖൂസ് 1, ഖാദിർ അൽ തായർ, ജുമൈറ വില്ലേജ് സർക്കിൾ എന്നീ ഏഴിടങ്ങളിലാണ് വികസന പ്രവൃത്തികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ 19,600 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ നിലവിലെ ജങ്ഷനുകളുടെയും പാലങ്ങളുടെയും ശേഷി വർധിപ്പിച്ച് യാത്ര സമയം 30 ശതമാനം കുറക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി അൽഖൈൽ റോഡിലെ ഗതാഗത കാര്യക്ഷമത കൂടുകയും പാലങ്ങളിലെ വാഹനങ്ങളുടെ അമിത തിരക്ക് ഒഴിവാക്കാനും സാധിക്കും.
സഅബീലിൽ തുറന്ന ആദ്യ പാലത്തിന് 700 മീറ്ററാണ് നീളം. സഅബീൽ പാലസ് സ്ട്രീറ്റ്, ഊദ് മേത്ത സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നും ജബൽ അലിയിലേക്ക് നീളുന്ന അൽഖൈൽ റോഡിലേക്കുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്നു. മൂന്ന് നൈലുകളുള്ള ഈ പാലത്തിന് മണിക്കൂറിൽ 4800 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
അൽഖൂസ് 1ൽ പൂർത്തിയായ രണ്ടാമത്തെ പാലത്തിന് 650 മീറ്ററാണ് നീളം. രണ്ട് ലൈനുകളുള്ള ഈ പാലത്തിന് മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളാനാവും. നഗരവികസനവും ജനസംഖ്യ വർധനവിനും അനുസരിച്ച് ഉയരുന്ന ആവശ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയും വിധം ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശങ്ങൾക്ക് അനുസൃതമായായാണ് ഈ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.