ബസ് കാത്തിരിപ്പ് സമയം കുറക്കാൻ രണ്ടു പദ്ധതികൾ
text_fieldsദുബൈ: ബസ് സർവിസുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും കാത്തിരിപ്പ് സമയം കുറക്കുകയും ചെയ്യാൻ രണ്ട് പുതിയ പദ്ധതികളുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർട്ടിഫിഷൽ ഇൻറലിജൻസ് അടക്കം പുതു സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പദ്ധതിയൊരുക്കുന്നത്.
ആദ്യ പദ്ധതിയിൽ നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കാൻ ആർ.ടി.എ 'സിറ്റി ബ്രെയിൻ' സംവിധാനമാണ് അലിബാബ ക്ലൗഡുമായി ചേർന്ന് പരീക്ഷിക്കുക.
നോൽ കാർഡുകൾ, ബസുകൾ, ടാക്സികൾ എന്നിവയിലും കൺട്രോൾ സെൻററിലും നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ബസുകളുടെ ഷെഡ്യൂളും റൂട്ടുകളും മെച്ചപ്പെടുത്തും. ഈ സംവിധാനം ബസ് യാത്ര 17 ശതമാനം മെച്ചപ്പെടുത്തുമെന്നും ശരാശരി കാത്തിരിപ്പ് സമയം 10 ശതമാനം കുറക്കുമെന്നുമാണ് പ്രതീക്ഷ. രണ്ടാമത്തെ പദ്ധതി അൽ ഖൂസ് ബസ് ഡിപ്പോയിലെ വിദൂര ബസ് പെർഫോമൻസ് നിരീക്ഷണകേന്ദ്രമാണ്. ആർ.ടി.എയുടെ പുതിയ 516 വോൾവോ ബസുകളെയാണ് കേന്ദ്രം അതത് സമയങ്ങളിൽ ട്രാക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുക. ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന മെക്കാനിക്കൽ, എണ്ണ ഉപഭോഗം, സുരക്ഷാ ഉപകരണങ്ങളുടെ അവസ്ഥ എന്നിവ സംബന്ധിച്ച 47 മുന്നറിയിപ്പുകൾ കേന്ദ്രത്തിന് നൽകാനാവും.
ഇതിലൂടെ എണ്ണ ഉപയോഗം അഞ്ച് ശതമാനം കുറക്കാനും സമയാസമയങ്ങളിൽ ബസ് അറ്റകുറ്റപ്പണിക്കും സാധിക്കും. ഇരു പദ്ധതികളും നടപ്പാകുന്നത് ബസ് സർവിസുകളുടെ കാര്യക്ഷമത വർധിപ്പിക്കും.
ദുബൈയിലെ പൊതുഗതാഗത സംവിധാനം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് 70 ശതമാനം മാറിയതായി ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ മുഹമ്മദ് അൽ തായർ പറഞ്ഞു.
പുതുതായി നടപ്പാക്കിയ സംവിധാനങ്ങളിലൂടെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.