ഷാർജ വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ
text_fieldsഷാർജ: പെർഫ്യൂം കുപ്പികളിൽ ഒളിപ്പിച്ച് 31,000 ദിർഹം വിലമതിക്കുന്ന 1.6 കിലോ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യക്കാരെ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. പ്രതികൾ സ്വന്തം നാട്ടിലേക്കു പോവുകയായിരുന്നു. ഇവരുടെ ചില നീക്കങ്ങളിൽ സംശയം തോന്നിയ കസ്റ്റംസ് പരിശോധനക്കു വിധേയമാക്കുകയുമായിരുന്നുവെന്ന് ഷാർജ പൊലീസിലെ തുറമുഖ, വിമാനത്താവള വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ യൂനിസ് അൽ ഹജ്രി പറഞ്ഞു. ബാഗേജ് പരിശോധനയിൽ ഫെർഫ്യൂം ഓയിലിനൊപ്പം ലോഹങ്ങൾക്കൂടി തെളിഞ്ഞതോടെയാണ് പ്രതികൾ വലയിലായത്.
കള്ളക്കടത്തുകാർ 42 കുപ്പി സുഗന്ധദ്രവ്യങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. കുപ്പിയിലെ പെർഫ്യൂം നീക്കംചെയ്ത ശേഷം പൊടിരൂപത്തിലാക്കിയ സ്വർണം ചില രാസപദാർഥങ്ങളുമായി ഇടകലർത്തിയാണ് കുപ്പികളിൽ നിറച്ചിരുന്നത്. ഷാർജ എയർപോർട്ട് പൊലീസിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയെ ബ്രിഗേഡിയർ അൽ ഹജ്രി പ്രശംസിച്ചു.നികുതിയിൽനിന്ന് രക്ഷപ്പെടാനായി യു.എ.ഇയിൽനിന്ന് തങ്ങളുടെ രാജ്യത്തേക്ക് സ്വർണം കടത്താൻ പുതിയതും നൂതനവുമായ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും നിരവധി സ്വർണ കള്ളക്കടത്ത് കേസുകളാണ് അടുത്തിടെ ഷാർജ പൊലീസ് പരാജയപ്പെടുത്തിയത്.
രാജ്യങ്ങളിലെ സർക്കാർ നിയമങ്ങൾക്കെതിരായ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്ന് ഷാർജ പൊലീസ് ജീവനക്കാർക്കും സന്ദർശകർക്കും മുന്നറിയിപ്പ് നൽകി. സുരക്ഷാ ഏജൻസികളുമായി സഹകരിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികളോ കുറ്റകൃത്യങ്ങളോ കണ്ടെത്തിയാൽ 999, 06 5632222 എന്നീ നമ്പറുകളിലോ 800 151, എന്ന ടോൾ ഫ്രീ നമ്പറിലോ വിവരം അറിയിക്കണം. 7999 എന്ന നമ്പറിൽ എസ്.എം.എസ് വഴിയും റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.