രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നു
text_fieldsമസ്കത്ത്: അൽ വുസ്തയിലും തെക്കൻ ശർഖിയയിലുമുള്ള രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിക്ഷേപ അവസരമൊരുക്കി പരിസ്ഥിതി അതോറിറ്റി.
വന്യജീവികളെ സംരക്ഷിക്കാനും സന്ദർശകരെ ആകർഷിക്കാനുമുള്ള പദ്ധതികളാണ് പരിസ്ഥിതി അതോറിറ്റി ഇവിടെ വിഭാവനം ചെയ്തത്. ഒമാനിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. പ്രകൃതിരമണീയത, ക്യാമ്പിങ്, ഡൈവിങ് സൗകര്യങ്ങൾ, വന്യജീവികൾ തുടങ്ങിയവയെല്ലാം സഞ്ചാരികളുടെ മനം കവരുന്നതാണ്. സുൽത്താനേറ്റിലെ നിരവധി പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ ആഭ്യന്തര ടൂറിസത്തെ പിന്തുണക്കുന്നുണ്ട്.
അൽ വുസ്ത വൈൽഡ് ലൈഫ് റിസർവിൽ പാർക്ക് സ്ഥാപിക്കുന്നതിനും തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വഅൽ വാഫി വിലായത്തിലെ അൽ സലിൽ നാച്ചുറൽ റിസർവിൽ ടൂറിസ്റ്റ് അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കാനുമായി ടെൻഡർ ക്ഷണിച്ചതായി പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു.
ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 24. വിവിധതരം മാനുകൾ, പരുന്ത്, ഒട്ടകപ്പക്ഷി തുടങ്ങി 11ലധികം ഇനം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് അൽ വുസ്ത വന്യജീവി സംരക്ഷണ കേന്ദ്രം.
2018ൽ 3,05,405 ആളുകളാണ് ഒമാനിലെ വന്യജീവി സങ്കേതങ്ങൾ സന്ദർശിച്ചതെങ്കിൽ 2019ൽ ഇത് 3,59,225 ആയി ഉയർന്നു. എന്നാൽ, മഹാമാരിയുടെ നിഴലിലമർന്നതിനാൽ 2020ൽ 20,566 സന്ദർശകർ മാത്രമാണ് എത്തിയത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെയും പരിസ്ഥിതി അതോറിറ്റിയുടെയും കണക്കുകളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.