Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുരന്തസ്മൃതികൾക്ക്...

ദുരന്തസ്മൃതികൾക്ക് രണ്ടു വയസ്സ്; കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർ അതിന്റെ ആഘാതത്തിൽനിന്ന് മോചിതരായിട്ടില്ല

text_fields
bookmark_border
ദുരന്തസ്മൃതികൾക്ക് രണ്ടു വയസ്സ്; കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർ അതിന്റെ ആഘാതത്തിൽനിന്ന് മോചിതരായിട്ടില്ല
cancel
camera_alt

കരിപ്പൂർ അപകടത്തിൽ തകർന്ന വിമാനം (ഫയൽ ചിത്രം)

ദുബൈ: ഇതുപോലൊരു പെരുമഴക്കാലമായിരുന്നു അന്ന് കേരളത്തിൽ. മൂന്നാർ പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു ദുരന്തവാർത്ത എത്തുന്നത്. ഇന്ത്യൻസമയം രാത്രി 7.40ഓടെ കരിപ്പൂരിൽ വിമാനം തെന്നിമാറിയെന്ന വാർത്ത ചാനലുകളിൽ ഫ്ലാഷ് ന്യൂസായപ്പോൾ ആർക്കും ദുരന്തത്തിന്‍റെ വ്യാപ്തി മനസ്സിലായിരുന്നില്ല. റൺവേയിൽനിന്ന് തെന്നിമാറി എന്നു മാത്രമാണ് എല്ലാവരും കരുതിയിരുന്നത്. തൊട്ടടുത്ത മിനിറ്റിൽ എയർപോർട്ടിനുള്ളിൽ നിന്ന് ആംബുലൻസുകളും അഗ്നിരക്ഷ വാഹനങ്ങളും പായുന്നത് കണ്ടതോടെയാണ് വിമാനത്താവളത്തിലുണ്ടായിരുന്നവർ പോലും ദുരന്തത്തിന്‍റെ വ്യാപ്തി മനസ്സിലാക്കുന്നത്.

2020 ആഗസ്റ്റ് ഏഴിന് ദുബൈയിൽനിന്ന് പറന്നുയർന്ന എയർ ഇന്ത്യ വന്ദേഭാരത് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെ 35 മീറ്റർ താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓടിയെത്തിയവർ കണ്ടത് രണ്ടായി പിളർന്ന വിമാനമാണ്. കോവിഡ് എന്ന പകർച്ചവ്യാധിക്കുമുന്നിൽ പകച്ചുനിൽക്കാതെ കൊണ്ടോട്ടിയിലെ നാട്ടുകാരാണ് രക്ഷാദൗത്യത്തിന് തുടക്കമിട്ടത്. ചെറിയൊരു അപകടമുണ്ടായാൽ പോലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വാഹനമാണ് വിമാനം എന്നറിയാമായിരുന്നെങ്കിലും അതൊന്നും വകവെക്കാതെ അവർ കൈമെയ് മറന്ന് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടു.

വിമാനത്തിനുള്ളിലും പുറത്തും അവശിഷ്ടങ്ങൾക്കിടയിലും അവരുടെ രക്ഷാകരങ്ങൾ എത്തി. കനത്ത മഴയും മഹാമാരിയും അവർക്ക് തടസ്സമായില്ല. കിട്ടിയ വാഹനങ്ങളിൽ യാത്രക്കാരെ ആശുപത്രികളിലേക്ക് എത്തിച്ചു. എന്നിട്ടും 21 ജീവൻ പൊലിഞ്ഞു. 174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നാലു കുട്ടികളും എട്ടു സ്ത്രീകളും ഒമ്പതു പുരുഷന്മാരും മരിച്ചു. ഇവരിൽ 10 പേർ കോഴിക്കോട്, ആറുപേർ മലപ്പുറം, രണ്ടുപേർ പാലക്കാട്, ഒരാൾ വയനാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ഏക മകളെ നഷ്ടപ്പെട്ട മാതാപിതാക്കളും വർഷങ്ങൾക്കുശേഷം നാടണയാനുള്ള ആഗ്രഹത്തിനിടെ ജീവൻ പൊലിഞ്ഞവരുമെല്ലാം കണ്ണീർകാഴ്ചകളായി.

ചികിത്സ തുടരുന്നവരും അപകടമുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാധിക്കാത്തവരും ഇപ്പോഴുമുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവർ മാനസിക ആഘാതത്തിൽനിന്ന് കരകയറിയിട്ടില്ല. പരിക്കേറ്റവരിൽ കട്ടിലിൽതന്നെ തുടരുന്നവരുമുണ്ട്. ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചക്കൊടുവിൽ നഷ്ടപരിഹാരം ഏറക്കുറെ തീർപ്പാക്കിയിട്ടുണ്ട്. 47 പേർ യു.എ.ഇയിലാണ് കേസ് കൊടുക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ, ഇവിടെ നടന്ന ചർച്ചക്കൊടുവിൽ ഈ കേസുകളും തീർപ്പാക്കി. പരിക്കേറ്റവർക്ക് 12 ലക്ഷം രൂപ മുതലാണ് നഷ്ടപരിഹാരം ലഭിച്ചത്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 1.31 കോടി രൂപ മുതൽ 6.23 കോടി രൂപ വരെയാണ് വിവിധ തട്ടിലായി നഷ്ടപരിഹാരം നൽകിയത്. തുക ഏറക്കുറെ കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവ ഈമാസത്തോടെ നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുകയിൽനിന്ന് 50 ലക്ഷം രൂപ മുടക്കി കൊണ്ടോട്ടി ചിറയിൽ പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമിച്ചുനൽകാൻ ഇരകൾ തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടവരെ രക്ഷിച്ച കൊണ്ടോട്ടിയിലെയും പരസരത്തെയും രക്ഷാപ്രവർത്തകർക്കുള്ള സ്നേഹസമ്മാനമായാണ് ഇത് നിർമിക്കുന്നത്. അപകടത്തിലെ ഇരകൾ ഞായറാഴ്ച രാവിലെ അപകടസ്ഥലത്ത് സംഗമിക്കുന്നുണ്ട്. ഈ ചടങ്ങിൽവെച്ച് ധാരണപത്രം കൈമാറാനാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur air crash
News Summary - Two years after the Karipur air crash
Next Story