ഐക്യ സന്ദേശമുയർത്തി യു.എ.ഇയുടെ 53ാം ദേശീയ ദിനം
text_fieldsദുബൈ: 53ാം ദേശീയദിനാഘോഷങ്ങളുടെ നിറവിൽ യു.എ.ഇ ജനത. ലോകത്തെ 200 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾ ആഘോഷമായി കൊണ്ടാടുന്ന ഒരു ദേശീയ ദിനം ഒരുപക്ഷേ, ലോകത്ത് വേറെയുണ്ടാകില്ല. രാജ്യവ്യത്യാസമില്ലാതെ ഇവിടെ അതിവസിക്കുന്ന ഓരോ ജനവിഭാഗവും അവരുടേതായ രീതിയിൽ യു.എ.ഇയുടെ ദേശീയദിനം ഗംഭീരമാക്കുകയാണ്.
അൽഐനിലാണ് ഇത്തവണ ഔദ്യോഗിക ചടങ്ങുകൾ നടക്കുക. സൈനിക പരേഡ് ഉൾപ്പെടെ അതിവിപുലമായ ആഘോഷ പരിപാടികളാണ് ഭരണാധികാരികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. നിവാസികൾക്ക് നേരിട്ടും തത്സമയ സംപ്രേഷണത്തിലൂടെയും ആഘോഷങ്ങളിൽ പങ്കാളികളാകാം. വൻ സുരക്ഷ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ശനി, ഞായർ വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ നാല് ദിവസത്തെ അവധി ദിനങ്ങളാണ് ലഭിക്കുക. ഗ്ലോബൽ വില്ലേജിൽ ഉൾപ്പെടെ ദേശീയദിനത്തിൽ പ്രത്യേകം കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെ വൻ ആഘോഷ പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെപോലെ റാസൽ ഖൈമയിൽ ഇത്തവണയും ഗിന്നസ് ബുക്കിൽ ഇടം നേടുന്ന വെടിക്കെട്ട് നടക്കും. ഇന്ത്യൻ അസോസിയേഷൻ, കെ.എം.സി.സി പോലുള്ള സംഘടനകൾ അതിവിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
ദുബൈ റോഡ് ഗതാഗത അതോറിറ്റി മെട്രോ, ട്രാം, ബസ്, വാട്ടർ ടാക്സി സർവിസുകളുടെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. കൂടാതെ ആഘോഷദിനത്തിൽ പ്രത്യേക ടൂറിസ്റ്റ് ഫെറി സർവിസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റ ടിക്കറ്റിൽ മൂന്നു സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ആർ.ടി.എ ഒരുക്കിയത്. രണ്ടുദിവസവും പാർക്കിങ് പൂർണമായും സൗജന്യമാക്കിതായി വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആറാം തീയതിവരെ ഉപയോഗിക്കാവുന്ന 53 ജി.ബി ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി നൽകിയാണ് പ്രമുഖ ടെലികോം സേവനദാതാക്കളായ ഡു ദേശീയദിനം ഉപഭോക്താക്കൾക്കൊപ്പം ആഘോഷിക്കുന്നത്.
കൂടാതെ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റിലെ ഭരണാധികാരികൾ തടവുകാർക്ക് നിരുപാധിക മോചനവും നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജി.ഡി.ആർ.എഫ്.എ ഉൾപ്പെടെ പ്രധാന വകുപ്പുകൾ വിപുലമായ ആഘോഷ പരിപാടികൾ നടത്തിവരികയാണ്.
പ്രധാന ഓഫിസുകളെല്ലാം നാലാം തീയതി മാത്രമേ പ്രവർത്തനം പുനരാരംഭിക്കൂ. എങ്കിലും അവശ്യ സർവിസുകൾക്കായി പ്രത്യേക സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
പ്രചോദനാത്മകമായ ഐക്യം
യു.എ.ഇ 53ാം ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ സമാനതകളില്ലാത്ത ഐക്യത്തിന്റെയും അഭിലാഷത്തിന്റെയും പുരോഗതിയുടെയും ശ്രദ്ധേയമായ ഒരു പ്രയാണമാണ് പ്രതിഫലിക്കുന്നത്. യു.എ.ഇയുടെ സ്ഥാപകരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെയും ശൈഖ് റാഷിദ് ബിന്‍ സഈദ് ആല് മക്തൂമിന്റെയും മൂല്യങ്ങളും ദര്‍ശനങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ‘സ്പിരിറ്റ് ഓഫ് ദ യൂനിയന്‍’ എന്ന സന്ദേശത്തിലൂടെ രാജ്യം എല്ലാ മേഖലകളിലും അഭൂതപൂര്‍വമായ ഉയരങ്ങള്‍ താണ്ടിയുള്ള ജൈത്രയാത്ര തുടരുന്നത്.
യു.എ.ഇ പ്രസിഡന്റും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെയും, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെയും ധീഷണാപരമായ നേതൃത്വം മുന്‍ഗാമികളുടെ കാഴ്ചപ്പാടുകളും യാഥാർഥ്യമാക്കുകയും വിപുലമായ നേട്ടങ്ങളിലേക്ക് രാജ്യത്തെനയിക്കുകയും ചെയ്തു.
യു.എ.ഇയെ മികവിന്റെയും നവീകരണത്തിന്റെയും നൂതനത്വത്തിന്റെയും കേന്ദ്രമാക്കി സുസ്ഥിരമായ മുന്നേറ്റം സാധ്യമാക്കാന്‍ ഈ നേതൃത്വത്തിന്റെ പ്രയത്നങ്ങള്‍ക്ക് സാധിച്ചു. യു.എ.ഇയുടെ നേട്ടങ്ങളില്‍നിന്നും ജനങ്ങളോടുള്ള അര്പ്പണബോധത്തില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അതിന്റെ മികവിനും നിരന്തരം സംഭാവന നല്കാനായതില് അഭിമാനിക്കുന്നു.
ഈ ദേശീയദിനത്തില്‍ യു.എ.ഇയുടെ നേട്ടങ്ങള്‍ മാത്രമല്ല ഭാവിയിലേക്കുള്ള ശാശ്വതമായ കാഴ്ചപ്പാടും ഞങ്ങള്‍ ആഘോഷിക്കുന്നു. സ്പിരിറ്റ് ഓഫ് ദ യൂനിയന്‍ നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുന്നത് തുടരുകയാണ്. ഒരു പൊതുലക്ഷ്യത്തിനായി എല്ലാവരും ഒത്തുചേരുമ്പോള്‍ എല്ലാം സാധ്യമാകും എന്നതിന്റെ ഓർമപ്പെടുത്തലാണിത്. ഈ രാജ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നത് തുടരട്ടെ. ഈ ശ്രദ്ധേയമായ പൈതൃകത്തിന്റെ വളര്‍ച്ചയില്‍ നമുക്കെല്ലാവര്‍ക്കും തുടര്‍ന്നും പങ്കാളികളാകാം - ഡോ. ആസാദ് മൂപ്പന് (സ്ഥാപക ചെയര്മാന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍)
സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകം
ഈദുൽ ഇത്തിഹാദിന്റെ ഈ അവസരത്തിൽ എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ. രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളുടെയും ആധുനിക പുരോഗതിയുടെയും മഹത്തായ സംയോജനമാണ് യു.എ.ഇയുടെ ദേശീയദിനം. അവസരങ്ങളുടെ നാട് എന്നറിയപ്പെടുന്ന യു.എ.ഇ ഇന്ന് ലോകമെമ്പാടുമുള്ള പ്രവാസികളുടെ സ്വപ്നഭൂമിയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ജനങ്ങൾ ഒരുമിച്ചു ചേരുന്ന സ്ഥലമെന്ന ഖ്യാതിയും ഈ നാടിന് സ്വന്തമാണ്. ടൂറിസം വളർത്താനും വിദേശനിക്ഷേപം ആകർഷിക്കാനും വ്യവസായ വികസനത്തിനും വൻ നടപടികളാണ് യു.എ.ഇ സർക്കാർ സ്വീകരിച്ചുവരുന്നത്. ടൂറിസവും വ്യവസായവും ഫാഷനും മനോഹരമായ നിർമിതികളും എല്ലാം യു.എ.ഇയുടെ പ്രത്യേകതകളാണ്.
സദ്ഭാവനയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായാണ് ലോക രാജ്യങ്ങള്‍ക്കിടയിൽ എന്നും യു.എ.ഇ നിലകൊള്ളുന്നത്.
കാലാനുസൃതമായ മാറ്റങ്ങളുമായി യു.എ.ഇയെ നയിച്ച ഭരണാധികാരികളുടെ നേതൃത്വത്തിൽ ഇനിയും ഈ രാജ്യത്തിന് മുന്നേറാൻ സാധിക്കട്ടെ. സ്വാതന്ത്ര്യവും കരുതലും മുഖമുദ്രയായുള്ള ഈ രാജ്യത്തിൽ എ.ബി.സി ഗ്രൂപ് വളർത്തിയെടുക്കാൻ സാധിച്ചത് തികച്ചും അഭിമാനകരമാണ്.
ഏഴ് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ യു.എ.ഇയിലെ ഓരോ നിവാസിക്കും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാൻ സാധിക്കട്ടെ - ഡോ. ഷരീഫ് അബ്ദുൽ ഖാദർ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ്)
ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ
ചരിത്രപരമായ ഈ ദേശീയ ദിനത്തിൽ യു.എ.ഇയുടെ ദീർഘവീക്ഷണമുള്ള ഭരണാധികാരികളെയും നിശ്ചയദാർഢ്യമുള്ള ഇവിടത്തെ ജനതയെയും ഹൃദയംഗമമായ അഭിനന്ദങ്ങൾ അറിയിക്കുന്നു, അഭിവാദ്യമർപ്പിക്കുന്നു. 1971 മുതൽ ആരംഭിച്ച യാത്ര ഈ രാജ്യത്തെ നവീകരണത്തിന്റെയും വളർച്ചയുടെയും ഐക്യത്തിന്റെയും പുരോഗതിയുടെയും വിളക്കുമാടമാക്കി മാറ്റി. ഐക്യം, പുരോഗതി, സമാധാനം അഭിവൃദ്ധി എന്നിവയിലുള്ള അചഞ്ചലമായ പ്രതിബദ്ധതയാൽ ലോകരാഷ്ട്രങ്ങളെ പ്രചോദിപ്പിക്കാൻ ഈ രാജ്യത്തിന് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു -ജോയ് ആലുക്കാസ് (ചെയർമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്)
അഭിവൃദ്ധിക്കും ആഗോള മുന്നേറ്റത്തിനും സർവ പിന്തുണ
രാജ്യം സ്ഥാപിതമായത് മുതലുള്ള വളർച്ചയുടെയും പുരോഗതിയുടെയും ആഘോഷമാണ് ഓരോ ദേശീയദിനവും. വിശ്വാസം, മികവ്, ഉത്തരവാദിത്തം എന്നീ മൂല്യങ്ങളിൽ പടുത്തുയർത്തിയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വിജയ പ്രയാണം നിരന്തരം ഉന്നതിയിലേക്ക് കുതിക്കുന്ന യു.എ.ഇയുടെ ചടുലമായ പരിവർത്തനത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ്. ഞങ്ങളുടെ മുഴുവൻ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെയും കേന്ദ്രം ഈ രാജ്യം ആണെന്നതിൽ ഏറെ അഭിമാനമുണ്ട്.
ഞങ്ങളുടെ സ്ഥാപനത്തിന്റെ വളർച്ചയും വിജയവും ഈ ഊർജസ്വലമായ രാഷ്ട്രം നൽകുന്ന അവസരങ്ങളുടെയും പിന്തുണയുടെയും നേരിട്ടുള്ള പ്രതിഫലനമാണ്. യു.എ.ഇയുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും പുരോഗമന നയങ്ങളും ഞങ്ങളുടെ ജൈത്രയാത്ര രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നു.
ഈ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുമ്പോൾ യു.എ.ഇയുടെ തുടർച്ചയായ അഭിവൃദ്ധിക്കും ആഗോള മുന്നേറ്റത്തിനും തുടർന്നും സംഭാവന നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു -ഷംലാൽ അഹമ്മദ് (ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.