ജിന്ന് രാജാവ്’ അധീനതയിലുണ്ടെന്ന് വിശ്വസിപ്പിച്ച് ദുർമന്ത്രവാദം; യു.എ.ഇയിൽ ഏഴുപേർക്ക് തടവും 50,000 ദിർഹം പിഴയും
text_fieldsദുബൈ: ദുർമന്ത്രവാദം നടത്തുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്ത കേസിൽ ഏഴു പേർക്ക് യു.എ.ഇയിൽ ആറു മാസം തടവും 50,000 ദിർഹം പിഴയും ശിക്ഷ. ശരീരത്തിൽ കുടികൊള്ളുന്ന ‘ജിന്ന്’ അസുഖങ്ങളെ സുഖപ്പെടുത്തുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് ബുധനാഴ്ച കോടതി വിധി പ്രസ്താവിച്ചത്. 400 വർഷം പ്രായമുള്ള ‘ജിന്ന് രാജാവ്’ തന്റെ അധീനതയിലുണ്ടെന്നായിരുന്നു പ്രതികളിൽ ഒരാൾ അവകാശപ്പെട്ടിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇവരുടെ തട്ടിപ്പിന് ഇരയായ വ്യക്തി നൽകിയ പരാതിയിൽ മുഴുവൻ പ്രതികളും നേരത്തേ അറസ്റ്റിലായിരുന്നു. തുടർന്ന് കോടതിക്ക് കൈമാറിയ കേസിലാണ് ഇന്നലെ വിധി പ്രസ്താവിച്ചത്.
പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി ഏഴു പേരും പിഴശിക്ഷയോടൊപ്പം കോടതി ചെലവും കെട്ടിവെക്കണമെന്ന് ഉത്തരവിട്ടു. ഫെഡറൽ നിയമപ്രകാരം യു.എ.ഇയിൽ ദുർമന്ത്രവാദം, വഞ്ചന എന്നിവ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. സംശയകരമായ ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.