48 മണിക്കൂറിനുള്ളില്‍ നമ്പര്‍പ്ലേറ്റ് ലഭ്യമാക്കാന്‍ അബൂദബി പൊലീസ്
text_fieldsഅബൂദബി: എമിറേറ്റിലെ വാഹനങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നമ്പര്‍പ്ലേറ്റ് ലഭ്യമാക്കാൻ അബൂദബി പൊലീസ്. ലൈറ്റ്, ഹെവി വാഹനങ്ങൾ, ബൈസിക്കിളുകൾ തുടങ്ങിയവക്ക് ഈ സേവനം ഉപയോഗിച്ച് 48 മണിക്കൂറിനുള്ളില്‍ നമ്പര്‍പ്ലേറ്റ് സ്വന്തമാക്കാം. അബൂദബി പൊലീസ് വിഭാഗത്തിന്റെ ഇലക്ട്രോണിക് സര്‍വിസ് പോര്‍ട്ടലുകള്‍ വഴിയോ ‘താം’ (TAMM) വെബ്സൈറ്റ് മുഖേനയോ വാഹന ഉടമകള്‍ക്ക് നമ്പര്‍പ്ലേറ്റിനായി അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമുള്ള സേവനം തിരഞ്ഞെടുത്ത് ഡെലിവറി ഫീസ് അടച്ചാല്‍ ഡെലിവറി സമയവും സ്ഥലവും ഉറപ്പാക്കാന്‍ ഉപഭോക്താവിനെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും. വാഹനങ്ങള്‍ക്ക് ക്ലാസിക് മോഡല്‍ നമ്പര്‍പ്ലേറ്റും അബൂദബിയില്‍ മുമ്പ് അവതരിപ്പിച്ചിരുന്നു.
വിവിധ അഭിരുചികള്‍ക്ക് അനുസൃതമായി നമ്പര്‍പ്ലേറ്റ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസിക് മോഡല്‍ അവതരിപ്പിച്ചത്. അതേസമയം, സൈക്കിള്‍ കാരിയര്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ മറ്റൊരു നമ്പര്‍ പ്ലേറ്റ് കൂടി പ്രദര്‍ശിപ്പിക്കണമെന്ന് അബൂദബി പൊലീസ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. വാഹനത്തിനു പിന്നില്‍ സൈക്കിളുകള്‍ ഘടിപ്പിക്കുമ്പോള്‍ നമ്പര്‍പ്ലേറ്റ് മറയുന്നതിനെ തുടര്‍ന്നാണ് നടപടി. ബൈക്ക് റാക്ക് പോലുള്ളവ വെച്ചാണെങ്കിലും വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് മറഞ്ഞാല്‍ കുറ്റകരമാണ്. ഇത്തരം കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ 400 ദിര്‍ഹം പിഴയിടുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
നമ്പര്‍പ്ലേറ്റുകള്‍ മറയുന്നതിനെ മറികടക്കാന്‍ മറ്റൊരു നമ്പര്‍ പ്ലേറ്റ് കൂടി പ്രദര്‍ശിപ്പിക്കണം.വാഹനങ്ങളുടെ പിന്നില്‍ ഘടിപ്പിച്ചുകൊണ്ടുപോവുന്ന ചെറുതും വലുതുമായ ട്രെയിലറുകള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെയും അബൂദബി പൊലീസ് കര്‍ശന നടപടി സ്വീകരിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.