പ്രവാസി സഹായത്തിന് നൂതന സംവിധാനങ്ങളുമായി കോൺസുലേറ്റ്
text_fieldsദുബൈ: പ്രവാസികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വെബ്സൈറ്റിൽ നൂതന സംവിധാനം. ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാർക്ക് അതിവേഗത്തിലും എളുപ്പത്തിലും പരാതികൾ അറിയിക്കാനും സഹായം തേടാനും വേണ്ടിയുള്ള സംവിധാനമാണ് വികസിപ്പിച്ചത്.
ഇതിനായി നിർമിത ബുദ്ധി, ചാറ്റ്ബോട്ട് എന്നീ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവാസി ക്ഷേമ സംരംഭമായ ‘പ്രവാസി ഭാരതീയ സഹായത കേന്ദ്ര’ (പി.ബി.എസ്.കെ)ത്തിനുകീഴിലെ സേവനങ്ങൾ നവീകരിച്ചാണ് പുതിയ രീതി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും സേവനം ചെയ്യുന്ന രീതിയിൽ വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുള്ള ചാറ്റ്ബോട്ട് വഴി പ്രവാസികളുടെ സംശയങ്ങൾക്ക് അതത് സമയങ്ങളിൽ തന്നെ മറുപടി നൽകും. ഇതിനായാണ് നിർമിത ബുദ്ധി ഉപയോഗിക്കുന്നത്. ഇതിലൂടെ മനുഷ്യ സ്പർശമില്ലാതെ തന്നെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ചാറ്റ്ബോട്ട് വഴി ഉത്തരം ലഭിക്കും.
നിലവിൽ കോൺസുലേറ്റ് ജനറലിന്റെ വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾതന്നെ ചാറ്റ്ബോട്ട് സേവനം കാണാവുന്നതാണ്. പി.ബി.എസ്.കെ ഹെൽപ് ഡെസ്ക് എന്ന ചാറ്റ്ബോട്ടിൽ നിന്ന് മെസേജുകൾ വന്നുതുടങ്ങും. ഉപഭോക്താവിന്റെ ഇ-മെയിൽ ഐ.ഡി നൽകിക്കഴിഞ്ഞാൽ അന്വേഷണങ്ങൾക്ക് സാധിക്കും. കോൺസുലേറ്റ് നൽകുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ, കോൺസുലാർ, ലേബർ, വിസ/ഒ.സി.ഐ/റിനൻസിയേഷൻ, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സേവനങ്ങളെക്കുറിച്ച അന്വേഷണങ്ങൾക്ക് മറുപടി ലഭിക്കും. ഇ-മെയിൽ നൽകുന്നതിനാൽതന്നെ നേരത്തെ ഉപഭോക്താവ് നടത്തിയ അന്വേഷണങ്ങളുടെ റെക്കോഡ് സൂക്ഷിക്കാൻ ചാറ്റ്ബോട്ടിന് സാധിക്കും. മാത്രമല്ല, ചാറ്റ് സെഷൻ മെയിൽ ചെയ്ത് ലഭിക്കുകയും ചെയ്യും. ഇ-മെയിൽ ഐ.ഡി ഇല്ലാത്ത തൊഴിലാളികൾക്കുവേണ്ടി മൊബൈൽ നമ്പർ വഴി സേവനം ലഭ്യമാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
നിയമ, മനഃശാസ്ത്ര, സാമ്പത്തിക കാര്യങ്ങളിൽ കൗൺസലിങ് സേവനത്തിന് കോൺസുലേറ്റ് വെബ്സൈറ്റ് വഴി ഓൺലൈൻ ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ‘സോഹോ’ കോർപറേഷനുമായി സഹകരിച്ചാണ് സേവനങ്ങളുടെ നവീകരണം അധികൃതർ പൂർത്തിയാക്കിയത്. കോൺസുലാർ സേവനങ്ങൾക്ക് ആവശ്യക്കാർ വർധിച്ച സാഹചര്യത്തിലാണ് നവീകരണം നടത്തിയതെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. പി.ബി.എസ്.കെയുടെ ഫോൺവിളി, മെസേജ്, ഇ-മെയിൽ, നേരിട്ടുള്ള രജിസ്ട്രേഷൻ സേവനങ്ങൾ ഉപയോഗിക്കുന്നവർ മാസത്തിൽ ശരാശരി 3500പേരുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പി.ബി.എസ്.കെയുടെ ടോൾ ഫ്രീ നമ്പറായ 800 46342 വഴിയും നിലവിൽ സേവനങ്ങൾ ലഭിക്കുന്നുണ്ട്.
സേവനങ്ങൾ മികച്ച നിലവാരത്തിൽ -സി.ജി
ദുബൈ: പുതിയ ഡിജിറ്റൽ നവീകരണം കോൺസുലേറ്റ് നൽകിവരുന്ന സേവനങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണെന്ന് കോൺസുൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. പ്രവാസി ഭാരതീയ സഹായത കേന്ദ്ര’ (പി.ബി.എസ്.കെ)ത്തിന്റെ സേവനങ്ങൾ സോഹോ കോർപറേഷനുമായി സഹകരിച്ച് നവീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസികൾക്ക് നൽകി വരുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. പുതിയ നവീകരണത്തിലൂടെ കോൺസുലാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും കൃത്യമായും എത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.