സഹായക്കപ്പൽ സിറിയയിലെത്തി
text_fieldsദുബൈ: ഭൂകമ്പം തകർത്ത സിറിയയിലേക്ക് ഭക്ഷണപ്പൊതികളുമായി യു.എ.ഇയുടെ കപ്പലെത്തി. 37,500 പൊതി ഭക്ഷ്യവസ്തുക്കളുമായി സിറിയയിലെ ലടാക്യ തുറമുഖത്താണ് കപ്പൽ എത്തിയത്. 1000 ടൺ സഹായ വസ്തുക്കൾ ഇതിലുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി ചെയർമാനും അൽ ദർഫ മേഖല പ്രതിനിധിയുമായ ശൈഖ് ഹംദാൻ ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് സഹായം അയച്ചത്. ഭൂകമ്പബാധിത മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടപ്പാക്കുന്ന ഓപറേഷൻ ഗാലന്റ് നൈറ്റ് -2ന്റെ ഭാഗമായാണ് സഹായം. ഭക്ഷണത്തിനു പുറമെ മരുന്നുകളും ചികിത്സ ഉപകരണങ്ങളും കപ്പലിലുണ്ട്.
സിറിയയിലേക്ക് 151 വിമാനങ്ങളിലായി 4925 ടൺ സഹായം യു.എ.ഇ അയച്ചിരുന്നു. ഇതിനു പുറമെയാണ് കപ്പലിലും സഹായം എത്തിക്കുന്നത്. പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യമെന്ന് റെഡ് ക്രസന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹംദാൻ അൽ മസ്റൂയി പറഞ്ഞു. കപ്പൽമാർഗവും വിമാനമാർഗവും സഹായം അയക്കുന്നത് തുടരും.
അടുത്ത ദിവസംതന്നെ മറ്റൊരു കപ്പൽകൂടി സഹായവുമായി സിറിയയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുടെ സഹായത്തിന് നന്ദി അറിയിക്കുന്നതായി ലടാക്യ ഗവർണറേറ്റ് കൗൺസിൽ ചെയർമാൻ തയ്സീർ ഹബീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.