യു.എ.ഇയിലെ നാല് വിമാനക്കമ്പനികൾ ദോഹ സർവീസ് നിർത്തിവെച്ചു
text_fieldsഅബൂദബി: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് വിമാനക്കമ്പനികൾ ജൂൺ ആറ് മുതൽ ദോഹയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. ഖത്തറുമായുള്ള നയതന്ത്രം ബന്ധം വിച്ഛേദിച്ചതായി യു.എ.ഇ പ്രഖ്യാപിച്ചതിനെ തുടർന്ന് എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ, ഫ്ലൈ ദുബൈ എന്നിവയാണ് സർവീസ് നിർത്തിവെച്ചത്. ജൂൺ ആറ് മുതലുള്ള സർവീസുകളാണ് റദ്ദാക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസുകൾ ഉണ്ടായിരിക്കില്ല. അതേസമയം, ജൂൺ അഞ്ചിന് ഷെഡ്യൂൾ പ്രകാരം വിമാന സർവീസുകൾ നടക്കും.
ദോഹയിലേക്കോ ദോഹയിൽനിന്നോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും തിരിച്ചു നൽകുകയോ ഏറ്റവും അടുത്തുള്ള മറ്റു വിമാനത്താവളങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് അനുവദിക്കുകയോ ചെയ്യുമെന്ന് ഇത്തിഹാദ് എയർവേസ് വ്യക്തമാക്കി. ദുബൈക്കും ദോഹക്കുമിടയിലെ എല്ലാ സർവീസുകളും റദ്ദാക്കിയതായി ഫ്ലൈ ദുബൈ അറിയിച്ചു. ദുബൈ^ദോഹ റൂട്ടിൽ ടിക്കറ്റെടുത്തവർ ട്രാവൽ ഏജൻറുമാരുമായി ബന്ധപ്പെടണമെന്ന് ഫ്ലൈ ദുബൈ അധികൃതർ പറഞ്ഞു. പണം മടക്കിക്കിട്ടാൻ ദോഹയിലെ ൈഫ്ല ദുബൈ ട്രാവൽ ഷോപ്പുമായി 00974 4 4227350/51 നമ്പറിലും ദുബൈയിലെ ഷോപ്പുമായി (00971) 600 544445 നമ്പറിലും ബന്ധപ്പെടാമെന്നും അവർ അറിയിച്ചു.
ജൂൺ ആറിന് രാവിലെ മുതൽ ദോഹയിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് അറിയിച്ചു. ദുബൈയിൽനിന്ന് ദോഹയിലേക്കുള്ള അവസാനത്തെ വിമാനം ആറിന് പുലർച്ചെ 2.30ന് ദുബൈയിൽനിന്ന് പുറപ്പെടും. ദോഹയിൽനിന്ന് ദുബൈയിലേക്കുള്ള അവസാന വിമാനം അതേ ദിവസം പുലർച്ചെ 3.50നാണ് പുറപ്പെടുക. ജൂൺ അഞ്ചിന് പതിവ് പോലെ സർവീസ് നടക്കും. യാത്ര മുടങ്ങുന്നവർക്ക് മുഴുവൻ പണം തിരിച്ചു നൽകുകയോ െതാട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് സൗജന്യ ബുക്കിങ് അനുവദിക്കുകയോ ചെയ്യും. യാത്രക്കാർ 600 555555 നമ്പറിലോ വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണമെന്നും എമിറേറ്റ്സ് അധികൃതർ പറഞ്ഞു.
ഷാർജക്കും ദോഹക്കുമിടയിലെ യാത്രക്ക് ടിക്കറ്റെടുത്തവർക്ക് തുക മുഴുവനായി തിരിച്ചുനൽകകുയോ സമീപ വിമാനത്താവളങ്ങളിലേക്ക് സൗജന്യ ബുക്കിങ് അനുവദിക്കുകയോ ചെയ്യുമെന്ന് എയർ അറേബ്യയും വ്യക്തമാക്കി. ഷാർജയിൽനിന്ന് ദോഹയിലേക്കുള്ള അവസാന വിമാനം ജൂൺ അഞ്ചിന് യു.എ.ഇ സമയം വൈകുന്നേരം 6.30നും ദോഹയിൽനിന്ന് ഷാർജയിലേക്കുള്ള അവസാന വിമാനം ഖത്തർ സമയം രാത്രി 7.25നും പുറപ്പെടും. ജൂൺ അഞ്ചിലെ മറ്റു വിമാനങ്ങളെല്ലാം പതിവ് പോലെ സർവീസ് നടത്തും. റാസൽഖൈമയിൽനിന്ന് ദോഹയിലേക്കുള്ള വിമാനങ്ങളും ജൂൺ ആറ് മുതൽ റദ്ദാക്കിയതായി എയർ അറേബ്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.