ചരിത്രം കുറിക്കാൻ ചാന്ദ്രദൗത്യത്തിൽ യു.എ.ഇയും
text_fieldsദുബൈ: ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി നടപ്പാക്കുന്ന ബഹുരാഷ്ട്ര പദ്ധതിയിൽ യു.എ.ഇയും. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് സമാനമായ രീതിയിൽ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ ലൂണാർ ഗേറ്റ്വേ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നാസയുടെ പദ്ധതിയിലാണ് യു.എസ്.എ, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവക്കൊപ്പം യു.എ.ഇയും ഭാഗമാകുന്നത്. ആദ്യമായി അറബ് ബഹിരാകാശ യാത്രികനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാൻ വഴിതുറക്കുന്നതാണ് പദ്ധതി. ലൂണാർ ഗേറ്റ്വേ പദ്ധതിയിലെ പങ്കാളിത്ത പ്രഖ്യാപനം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമാണ് നിർവഹിച്ചത്.
ആദ്യമായാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ബഹിരാകാശ നിലയം സ്ഥാപിക്കപ്പെടുന്നത്. 2030ഓടെ പൂർത്തിയാക്കുന്ന പദ്ധതി അടുത്തവർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രപരമായ ലൂണാർ ഗേറ്റ്വേയിലെ യു.എ.ഇയുടെ സംഭാവന പ്രഖ്യാപിക്കുന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം പങ്കെടുത്തെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിലും ശാസ്ത്രമുന്നേറ്റത്തിലും ദീർഘകാല നിക്ഷേപം നടപ്പാക്കുന്നതുവഴി, അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം പ്രവർത്തിച്ച് എല്ലാവർക്കും പുരോഗതി കൊണ്ടുവരുന്നതിനാണ് യു.എ.ഇ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലൂണാർ ഗേറ്റ്വേയിലേക്ക് ആവശ്യമായ 10 ടൺ ഭാരമുള്ള സംവിധാനം യു.എ.ഇ വികസിപ്പിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ‘എക്സി’ൽ വ്യക്തമാക്കി. രാജ്യത്ത് ബഹിരാകാശ ഓപറേഷൻസ് സെന്ററും ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുന്ന കേന്ദ്രവും നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ചന്ദ്രനെ ചുറ്റുന്ന മനുഷ്യരാശിയുടെ ആദ്യത്തെ ബഹിരാകാശ നിലയമായ ഗേറ്റ്വേക്ക് ക്രൂവും സയൻസ് എയർലോക്കും നൽകുമെന്ന് പ്രഖ്യാപിക്കുന്നതായി ‘നാസ’ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണും പറഞ്ഞു.
മനുഷ്യനെ ചന്ദ്രനിലയക്കുന്ന നാസയുടെ ആർടെമിസ് പദ്ധതിയിൽ യു.എ.ഇ കൈകോർക്കുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. ആർടെമിസ് പദ്ധതിയുടെ ഭാഗമായാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്റ്റേഷൻ നിർമിക്കാൻ ‘നാസ’ തീരുമാനിച്ചത്. സ്റ്റേഷനുവേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിന് യു.എ.ഇ മുമ്പുതന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ‘നാസയുമായി കരാറായതോടെ രാജ്യത്തെ ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രനിലേക്ക് പോകുന്നതിന് വഴി തുറന്നുകഴിഞ്ഞു. ഇതിന്റെ ഭാഗമാകാൻ യു.എ.ഇക്ക് സാധിച്ചാൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ദൗത്യത്തിലും പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എ.ഇ വികസിപ്പിക്കുന്നത് എയർലോക്ക്
ദുബൈ: ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിർമിക്കാനിരിക്കുന്ന ലൂണാർ ഗേറ്റ്വേ സ്റ്റേഷനിലേക്ക് യു.എ.ഇ വികസിപ്പിക്കുന്നത് എയർലോക്ക് സംവിധാനം. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് യു.എ.ഇയുടെ ബഹിരാകാശ കേന്ദ്രം ഇത് വികസിപ്പിക്കുക. ഇതിന് 10 കോടി ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബഹിരാകാശ നിലയത്തിന്റെ പ്രവേശന കവാടമായിരിക്കും ‘എമിറേറ്റ്സ് എയർലോക്ക്’. ഭൂമിയിൽ നിന്നെത്തുന്ന ബഹിരാകാശ സഞ്ചാരികൾ നിലയത്തിലേക്ക് കയറുന്നതും പുറത്തുകടക്കുന്നതും പ്രത്യേക സംവിധാനങ്ങളോടെയുള്ള എയർലോക്ക് വഴിയാകും.
10 മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള ഇത് ബഹിരാകാശ നിലയത്തിലെ അതിപ്രധാനമായ ഭാഗമായിരിക്കും. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയമായിരിക്കും എയർലോക്ക് രൂപകൽപന ചെയ്യുന്നതും വികസിപ്പിക്കുന്നതും. ലൂണാർ ഗേറ്റ്വേ സ്റ്റേഷൻ പൂർത്തിയാകുന്നതോടെ ചന്ദ്രനെ സ്ഥിരമായി നിരീക്ഷിക്കാനും പഠിക്കാനുമുള്ള സംവിധാനമാണ് ഒരുങ്ങുക. അത് മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ സഹായകമാകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.