യു.എ.ഇ പൊതുമാപ്പ് ഇന്നുമുതൽ
text_fieldsദുബൈ: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ ഞായറാഴ്ച മുതൽ ആരംഭിക്കും. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ അവസാനം വരെ രണ്ട് മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു.
അനധികൃത താമസക്കാർക്ക് ഒന്നുകിൽ പുതിയ വിസക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാം. ഔട്ട് പാസ് കിട്ടിയാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇവർക്ക് പ്രത്യേകം പിഴ ഈടാക്കുകയോ യു.എ.ഇയിലേക്ക് തിരികെ വരാൻ വിലക്കേർപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഐ.സി.പി നേരത്തേ അറിയിച്ചിരുന്നു.
പുതിയ വിസയിൽ ഇവർക്ക് യു.എ.ഇയിലേക്ക് തിരികെ വരാം. ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമൂഹിക സംഘടനകൾ ഹെൽപ് ഡെസ്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ.സി.പി അംഗീകരിച്ച ടൈപ്പിങ് സെന്ററുകൾ വഴിയും ഓൺലൈനായും ഇളവിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കാനും നടപടികൾക്കും എല്ലാ സന്നാഹങ്ങളും ഒരുക്കിക്കഴിഞ്ഞതായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ഇളവ് ലഭിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാക്കാൻ വിമാന കമ്പനികളും ഐ.സി.പി അധികൃതരും തമ്മിൽ ചർച്ച തുടരുകയാണ്.
അതേസമയം, കേസുള്ളവർക്ക് അത് തീർപ്പാക്കിയ ശേഷം മാത്രമേ ഇളവ് അനുവദിക്കൂ. 2018ലാണ് ഇതിനുമുമ്പ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഒരു ലക്ഷത്തിലധികം പേർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.