‘സോഫ്റ്റ് പവറി’ൽ ആദ്യ പത്തിൽ യു.എ.ഇയും
text_fieldsദുബൈ: ലോകത്ത് ശക്തമായ സ്വാധീനം ചെലുത്തുന്ന ‘സോഫ്റ്റ് പവർ’ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 10ൽ ഇടംപിടിച്ച് യു.എ.ഇ. നയതന്ത്ര സ്വാധീനം, മികച്ച നിക്ഷേപ സാഹചര്യം, തുടർച്ചയായ സാമ്പത്തിക വൈവിധ്യവൽക്കരണം എന്നിവയാണ് യു.എ.ഇയുടെ നേട്ടത്തിന് സഹായിച്ചിട്ടുള്ളത്.
ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്സ്-2025 ലാണ് രാജ്യത്തിന്റെ നേട്ടം രേഖപ്പെടുത്തിയത്. സ്വാധീനത്തിൽ പട്ടികയിൽ എട്ടാം സ്ഥാനവും അന്താരാഷ്ട്ര ബന്ധത്തിൽ ഒമ്പതാം സ്ഥാനത്തും ബിസിനസ്, വ്യാപാരം എന്ന വിഭാഗത്തിൽ 10ാമതുമാണ് യു.എ.ഇ ഇടംപിടിച്ചത്. ബിസിനസ് ചെയ്യാൻ എളുപ്പമുള്ള രാജ്യം എന്നതിൽ ആഗോളതലത്തിൽ യു.എ.ഇ രണ്ടാം സ്ഥാനത്താണുള്ളത്. ഭാവി വളർച്ചാ സാധ്യത, ശക്തവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥ എന്നിവയിൽ ആദ്യ പത്തിലും ഇടം നേടിയിട്ടുണ്ട്. 100ലധികം രാജ്യങ്ങളിൽ നിന്നുള്ള 1.7 ലക്ഷത്തിലധികം ആളുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്സ് പ്രസിദ്ധീകരിക്കുന്നത്.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളുടെയും ആഗോള കാഴ്ചപ്പാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനായി ശേഖരിക്കുന്നുണ്ട്.ലോകത്ത് വിവിധ മേഖലകളിൽ സമാധാനം ഉറപ്പാക്കുന്നതിനും റഷ്യയും യുക്രെയ്നും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും യു.എ.ഇയുടെ ശക്തമായ ഇടപെടൽ ശ്രദ്ധേയമാണ്. ഇത് ആഗോളതലത്തിൽ യു.എ.ഇയുടെ സ്വാധീനം ശക്തിപ്പെടുത്തുകയും സമാധാന ചർച്ചകളിൽ വ്യത്യസ്ത വിഭാഗങ്ങളെ ഒരുമിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. സമീപ വർഷങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ‘സോഫ്റ്റ് പവർ’ മേഖലയിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
എന്നാൽ മേഖലയിലെ ചില രാജ്യങ്ങളുടെ മുന്നേറ്റം മന്ദഗതിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിലും യു.എ.ഇക്ക് മുന്നേറാൻ സാധിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദി അറേബ്യ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് 20ാം സ്ഥാനത്തും ഖത്തർ ഒരു സ്ഥാനം താഴ്ന്ന് 22ാം സ്ഥാനത്തുമാണുള്ളത്. ഈ വർഷം കുവൈത്ത്(40) മൂന്ന് സ്ഥാനങ്ങൾ താഴ്ന്നപ്പോൾ, ഒമാൻ (49), ബഹ്റൈൻ (51) എന്നിവക്ക് വലിയ മാറ്റമൊന്നുമുണ്ടായില്ല. 100ൽ 79.5 എന്ന എക്കാലത്തെയും ഉയർന്ന ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്സ് സ്കോറുമായി യു.എസാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. 100ൽ 72.8 സ്കോറുമായി ചൈന രണ്ടാം സ്ഥാനത്തെത്തി. അതേസമയം യു.കെ ചൈനക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.