വ്യവസായ നിക്ഷേപ കരാറുകൾ ഒപ്പുവെച്ച് യു.എ.ഇയും റഷ്യയും
text_fieldsദുബൈ: വ്യവസായ മേഖലയിലെ നിക്ഷേപങ്ങൾക്കായി നിരവധി കരാറുകളും പ്രാഥമിക ധാരണാപത്രങ്ങളും ഒപ്പുവെച്ച് യു.എ.ഇയും റഷ്യയും. റഷ്യയിലെ യക്തരിങ്ബർഗിൽ നടക്കുന്ന ഇന്നോപ്രോം ഗ്ലോബൽ ഇൻഡസ്ട്രിയൽ എക്സിബിഷനിലാണ് കരാറുകളിലെത്തിയത്.
ഇന്നോപ്രോം പ്രദർശനത്തിൽ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ. നാലു ദിവസത്തെ പരിപാടിയിൽ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് ഗ്രൂപ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ ഡോ. സുൽത്താൻ അൽ ജാബിർ പങ്കെടുക്കുന്നുണ്ട്.
നിക്ഷേപം, വ്യവസായം, വാണിജ്യ അവസരങ്ങൾ, മെഡിസിൻ, ഗതാഗതം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രദർശനത്തിൽ യു.എ.ഇ പങ്കെടുക്കുന്നത്. കാർഷിക സാങ്കേതികവിദ്യയിലും ഉൽപാദനത്തിലും വിതരണ ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ മന്ത്രാലയം പ്രദർശനത്തിൽ ശ്രദ്ധിക്കുന്നുണ്ട്.
‘മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ്’ സംരംഭത്തിന്റെ ഭാഗമായി യു.എ.ഇ തദ്ദേശീയമായി നിർമിച്ച രണ്ടായിരത്തിലധികം ഉൽപന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. പ്രാദേശിക ബിസിനസുകളുടെ വളർച്ചക്കും സുസ്ഥിരതക്കും പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ‘മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ്‘ രൂപപ്പെടുത്തിയത്.
വ്യാവസായിക മേഖലയിൽ ഇമാറാത്തി കമ്പനികൾ കൈവരിച്ച നേട്ടങ്ങളെ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ സമ്മേളനത്തിൽ പ്രശംസിച്ചു. യു.എ.ഇയുടെ എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ റീട്ടെയിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് വ്യവസായ മേഖലയാണ്.
കഴിഞ്ഞ വർഷം രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് ഏകദേശം 197 ശതകോടി ദിർഹം ഈ മേഖല സംഭാവന ചെയ്തിട്ടുണ്ട്. അതോടൊപ്പം വ്യാവസായിക കയറ്റുമതി 17 ശതമാനം വർധിച്ചിട്ടുമുണ്ട്.
പരസ്പര വ്യാപാരത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് യു.എ.ഇയുമായി സ്വതന്ത്ര-വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ വ്യവസായ-വ്യാപാര മന്ത്രി ആന്റൺ അലിഖാനോവ് വെളിപ്പെടുത്തിയിട്ടുണ്ട്. സമീപ ഭാവിയിൽ പരസ്പര വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വരും മാസങ്ങൾക്കുള്ളിൽ വ്യാപാര കരാർ ഒപ്പുവെക്കാമെന്ന് പ്രതീക്ഷിക്കുന്നു -അദ്ദേഹം ഇന്നോപ്രോമിൽ വെച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.