പിതാക്കൾക്ക് ആദരമായി റമദാനിൽ ‘ഫാദേഴ്സ് എൻഡോവ്മെന്റ്’
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: പിതാക്കൾക്ക് ആദരമായി റമദാൻ മാസത്തിൽ ചാരിറ്റി കാമ്പയിൻ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മുൻ വർഷങ്ങളിലെ കാമ്പയിനിന് സമാനമായ രീതിയിലാണ് പ്രത്യേക കാമ്പയിൻ പിതാക്കളുടെ പേരിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഫാദേഴ്സ് എൻഡോവ്മെന്റ്’ എന്ന് പേരിട്ട കാമ്പയിനിലൂടെ 100 കോടി ദിർഹമിന്റെ സുസ്ഥിര ഫണ്ട് സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഫണ്ട് ദരിദ്രർക്കും അശരണർക്കും ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ചെലവഴിക്കുക. അതോടൊപ്പം ആശുപത്രി വികസനത്തിനും മരുന്നും ചികിത്സയും നൽകുന്നതിനും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സഹായിക്കുന്നതിനും ഫണ്ട് ചെലവഴിക്കും.
ഹൃദയസ്പർശിയായ വിഡിയോയും സന്ദേശവും എക്സ് അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് പദ്ധതി സംബന്ധിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. പിതാവാണ് ആദ്യത്തെ മാതൃകയും പിന്തുണയും അധ്യാപകനുമെന്നും യുവാക്കളും പ്രായമുള്ളവരുമായ നമ്മുടെ ജീവിതത്തിൽ ശക്തിയുടെയും ജ്ഞാനത്തിന്റെയും സുരക്ഷയുടെയും ഉറവിടം അതാണെന്നും ശൈഖ് മുഹമ്മദ് എക്സിലെ പോസ്റ്റിൽ പറഞ്ഞു. നമ്മുടെ പിതാക്കന്മാരുടെ പേരിൽ സുസ്ഥിരമായ ഒരു മാനുഷിക എൻഡോവ്മെന്റിന് തുടക്കം കുറിച്ചുകൊണ്ട്, ഒരു ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഈ അനുഗ്രഹീത മാസത്തിൽ അവരെ ആദരിക്കുകയാണ് ചെയ്യുന്നത്.
ഇതിൽനിന്നുള്ള വരുമാനം രോഗികളെ ചികിത്സിക്കുന്നതിനും ദരിദ്രർക്കും പണമില്ലാത്തവർക്കും ആരോഗ്യ സംരക്ഷണം നൽകുന്നതിനുമായി നീക്കിവെക്കും. യു.എ.ഇയെയും അതിന്റെ സ്ഥാപകരെയും എല്ലാ പിതാക്കന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ -അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബബന്ധങ്ങളെയും സാമൂഹിക ഐക്യദാർഢ്യത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025നെ സാമൂഹികതാ വർഷമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ റമദാൻ കാമ്പയിൻ കടന്നുവരുന്നത്.
കഴിഞ്ഞ വർഷം മാതാക്കളെ ആദരിച്ചുകൊണ്ട് ‘മദേർസ് എൻഡോവ്മെന്റ്’ റമദാനിൽ പ്രഖ്യാപിച്ചിരുന്നു. കാമ്പയിനിലൂടെ 140 കോടി ദിർഹമാണ് സമാഹരിച്ചത്. മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷ്യേറ്റീവ്സിന്റെ പങ്കാളിത്തത്തിലാണ് പദ്ധതികൾ നടപ്പിലാക്കിവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.