പ്രകൃതി സൗഹൃദ പദ്ധതികൾക്കായി നിക്ഷേപകരെ ആകർഷിക്കാൻ കേരളം
text_fieldsഅബൂദബി: കേരള മുഖ്യമന്തി പിണറായി വിജയന് കേന്ദ്രം യാത്ര വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച അബൂദബിയിലെ വാർഷിക നിക്ഷേപ സംഗമത്തിൽ ശ്രദ്ധേയ സാന്നിധ്യമായി കേരളം. പ്രകൃതി സൗഹൃദവും ജനോപകാരപ്രദവുമായ പദ്ധതികൾക്കായി നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ സംഗമത്തിൽ അവതരിപ്പിച്ചു.
പ്രകൃതി സൗഹൃദ നിക്ഷേപം, ടൂറിസം, ഐ.ടി തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയ പദ്ധതികളാണ് അബൂദബിയിൽ നടന്നുവരുന്ന യു.എ.ഇ വാർഷിക നിക്ഷേപ സമ്മേളനത്തിൽ (എ.ഐ.എം. കോൺഗ്രസ് -2023) കേരളം അവതരിപ്പിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം യു.എ.ഇ ഏറെ പ്രാധാന്യമുള്ള ബിസിനസ് മാർക്കറ്റ് ആണ് എന്നതിനാൽ ഏറെ പ്രതീക്ഷയിലാണ് അധികൃതർ.
കൺവെൻഷൻ സെന്റേഴ്സ്, വാട്ടർ ട്രാൻസ്പോർട്ടേഷൻ, കാരവൻ ഫുഡ് ട്രക്സ് എന്നിവയിൽ ഊന്നിയുള്ള പ്രകൃതി സൗഹൃദ നിക്ഷേപങ്ങൾക്കായി പദ്ധതികൾ അവതരിപ്പിക്കുകയും നിക്ഷേപകരെ ക്ഷണിക്കുകയുമാണ് ലക്ഷ്യമെന്ന് ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പറഞ്ഞു. കേരളത്തിലേക്കുള്ള നിക്ഷേപം ആകർഷിക്കുന്നതിന് പുറമെ, പുതിയ വ്യവസായ സംരംഭങ്ങൾക്ക് കേരളം ഒരുക്കുന്ന സൗകര്യങ്ങൾ, കേരളത്തിന്റെ ഐ.ടി. മേഖലയിലുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര മാർക്കറ്റിലേക്ക് കയറുവാനുള്ള അവസരം, പ്രകൃതിയെ കളങ്കപ്പെടുത്താത്ത ടൂറിസം പദ്ധതികൾ തുടങ്ങിയ ചർച്ചകളും അടുത്ത ദിവസങ്ങളിലെ ചർച്ചയിൽ കേരളം അവതരിപ്പിക്കും.
ഐ.ടി. മേഖലയിൽ കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ഡിജിറ്റൽ എജുക്കേഷനും ഷാർജ സർക്കാറിന് കീഴിലുള്ള ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കും സഹകരിച്ചു പ്രവർത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ വ്യക്തമാക്കി. സ്റ്റാർട്ട്അപ്പ്, ബഹിരാകാശം, ഡിജിറ്റൽ എജുക്കേഷൻ, പുനരുപയോഗ ഊർജം, ഉപകരണങ്ങൾ, ലോജിസ്റ്റിക് കോഴ്സുകൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് ഐ.ടി മേഖല മുന്നോട്ട് വെക്കുന്നത്.
കേരളത്തിന്റെ ഏറ്റവും വലിയ നിക്ഷേപ സാധ്യതയുള്ള ടൂറിസം മേഖലയിലെ പദ്ധതികളും അവസരങ്ങളും സംബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന കേരള സെഷനിൽ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് വിഷയം അവതരിപ്പിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ എട്ട് സ്റ്റാർട്ടപ്പ് കമ്പനികൾ സമ്മേളന വേദിയായ അഡ്നിക് എക്സിബിഷൻ സെന്ററിലെ കേരളസ്റ്റാളിൽ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ചുകൊണ്ട് സജീവമാണ്. ഇൻവെസ്റ്റ്മെന്റ് ട്രാക്ക്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാക്ക്, റീജനൽ ഫോക്കസ് ഫോറം തുടങ്ങിയ സെഷനുകളിലായി നടക്കുന്ന 170 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന സമ്മേളനം ഏറെ പ്രതീക്ഷയാണ് നൽകുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെട്ട സംഘം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ പിന്മാറേണ്ടി വന്നു.
സുസ്ഥിര ഹരിത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമ്മേളനം സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധികളും പുത്തൻ വികസന സാധ്യതകളും ചർച്ച ചെയ്യുന്നുണ്ട്. കേരള പവലിയൻ ഡിപ്പാർട്ടമെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ ട്രേഡ് സെക്രട്ടറി രാജേഷ് കെ. സിങ് ഉദ്ഘടാനം ചെയ്തു.
യു.എ.ഇ വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയൂദി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അബൂദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി, കേരള ഐ.ടി. സെക്രട്ടറി രത്തൻ കേൽകർ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.