തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നിയമവുമായി യു.എ.ഇ
text_fieldsദുബൈ: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമത്തിന് യു.എ.ഇയുടെ അംഗീകാരം. ഇതു സംബന്ധിച്ച ഉത്തരവ് യു.എ.ഇ മാനവവിഭവശേഷി, എമിറാറ്റിസേഷൻ മന്ത്രാലയം പുറത്തിറക്കി. ശമ്പളം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം തൊഴിലുടമക്കെതിരെ പരാതി നൽകുന്നതടക്കമുള്ള നിർദേശങ്ങൾ നിയമത്തിലുണ്ട്. തൊഴിലാളി കൃത്യവിലോപം കാണിച്ചാൽ 14 ദിവസത്തിനകം പരാതിനൽകാൻ തൊഴിലുടമക്കും അവകാശമുണ്ടായിരിക്കും. മാനവവിഭവശേഷി, എമിറാറ്റിസേഷൻ മന്ത്രാലയത്തിലാണ് പരാതി നൽകേണ്ടത്. 14 ദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കിൽ ലേബർ കോടതിയിലേക്ക് കേസ് മാറ്റും.
തൊഴിൽ തർക്ക കേസിൽ വിധി വന്ന് 14 ദിവസത്തിനള്ളിൽ വർക്ക് പെർമിറ്റ് റദ്ദാക്കാൻ തൊഴിലാളി അപേക്ഷ നൽകണം. കേസിന്റെ വാദം കേൾക്കൽ കാലയളവിൽ മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നതിനായി തൊഴിലാളിക്ക് അപേക്ഷിക്കാം. അനുമതി ലഭിക്കാതെ മറ്റൊരു തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്യരുത്.
കൃത്യമായ കാരണമില്ലാതെ തുടർച്ചയായ ഏഴു ദിവസം ജോലിയിൽ ഹാജരാകാത്ത തൊഴിലാളിക്കെതിരെ പരാതി നൽകാനുള്ള അവകാശം തൊഴിലുടമക്കും ഉണ്ടായിരിക്കും. എന്നാൽ, താൻ ഈ കാലയളവിൽ ജോലി ചെയ്തിരുന്നു എന്നോ അംഗീകൃത അവധിയിലായിരുന്നു എന്നോ തെളിയിക്കാൻ ജീവനക്കാരന് കഴിഞ്ഞാൽ കേസ് റദ്ദാക്കപ്പെടും. വർക് ഇൻസ്പക്ടർമാരുടെ ജോലി, തൊഴിലിടങ്ങളിലെ പരിശോധന എന്നിവയും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.