‘ഇത്തിഹാദ് എഫ്.സി’ക്ക് യു.എ.ഇ അസോസിയേഷന്റെ അംഗീകാരം
text_fieldsഅബൂദബി: ഇന്ത്യന്‍ ഫുട്ബാള്‍ ക്ലബായ ഇത്തിഹാദ് എഫ്.സിക്ക് യു.എ.ഇ ഫുട്ബാള്‍ അസോസിയേഷന്റെ അംഗീകാരം. 2023-24 സീസണില്‍ യു.എ.ഇയിലെ മൂന്നാം ഡിവിഷന് ക്ലബുകളില്‍ ഒന്നായാണ് ഇത്തിഹാദ് എഫ്.സിയെ അംഗീകരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഫുട്ബാള്‍ ക്ലബാണ് ഇത്തിഹാദ് എഫ്.സിയെന്ന് സി.ഇ.ഒ അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബ്രിട്ടീഷ്, ഐറിഷ്, മൊറോക്കോ, യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലെ ക്ലബുകള്‍ക്കൊപ്പമാണ് ഡിവിഷന് ത്രീയില്‍ ഇന്ത്യന്‍ ക്ലബും കളിക്കുക. ഇന്ത്യന്‍ ഫുട്ബാള്‍ കളിക്കാര്‍ക്ക് രാജ്യാന്തരതലത്തിലുള്ള കളിക്കാരുമായി മാറ്റുരക്കാനാവുമെന്നതാണ് പ്രധാന നേട്ടം. നിലവില്‍ ഇത്തിഹാദിലെ നാലും ലണ്ടനിൽനിന്നുള്ള രണ്ടുപേരും അടക്കം ആറുപേരാണ് ആകെയുള്ള 16 ടീമുകളില്‍ കളിക്കുന്ന ഇന്ത്യക്കാര്‍.
പ്രഫഷനല്‍ ഫസ്റ്റ് ടീം സ്ക്വാഡിനുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. അസോസിയേഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആകെ രജിസ്റ്റര്‍ ചെയ്യാവുന്ന 30 പേരില്‍, 20 കളിക്കാര്‍ ഇന്ത്യന്‍ പ്രവാസികളും പത്ത് കളിക്കാര്‍ അന്താരാഷ്ട്രതലത്തില്‍ നിന്നുമുള്ളവരായിരിക്കും. അണ്ടര്‍ 19 ദേശീയ ടീമിൽ കളിച്ചിട്ടുള്ള സലില്‍ ഉസ്മാനാണ് ടീമിന്റെ പരിശീലകന്. 16 ടീമുകളുള്ള ലീഗില്‍ എല്ലാ ആഴ്ചയും മത്സരങ്ങളുണ്ടാവും. അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയാണ് ഇത്തിഹാദ് എഫ്.സിയുടെ ഹോം ഗ്രൗണ്ട്. അബൂദബി മുസഫയില്‍ സ്വന്തമായി സ്റ്റേഡിയം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് കമറുദ്ധീന്‍ പറഞ്ഞു. ഇതിനായി ഭൂമി എടുത്തെങ്കിലും സ്റ്റേഡിയം അടക്കമുള്ള നിര്‍മാണങ്ങള്‍ നടക്കേണ്ടതുണ്ട്. ഇതിനായി വന്‍കിട സ്പോണ്‍സര്‍മാരെ തേടുകയാണ്. വരും വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമറുദ്ധീന്‍ വ്യക്തമാക്കി. ഡിവിഷന് 2-ലേക്കുള്ള പ്രമോഷന് ഉറപ്പാക്കുക എന്നതാണ് ആദ്യ സീസണിന്റെ ലക്ഷ്യമെന്നും കമറുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.